മുഖ്താർ മായി എന്ന ധീരവനിത








ജാതിഗോത്ര വ്യവസ്ഥയിലെ ദുരഭിമാന പ്രതികാരത്തിന്റെ' പേരിൽ കൂട്ട ബലാത്സംഗത്തിനിരയായ, സാർവ്വദേശിയ പ്രസിദ്ധിയാർജ്ജിച്ച പാക്കിസ്ഥാനി വനിതയാണ് മുഖ്താർ മായി എന്നറിയപ്പെടുന്ന മുഖ്താരൻ ബീബി.
പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മുസാഫർഗാർഹ് ജില്ലയിലെ ജതോയി താലൂക്കിലെ മീർവാല എന്ന ഗ്രാമത്തിൽ കർഷക ജാതിയായ ഗുജാർവംശത്തിൽ 1972 ലാണ് മുഖ്താരൻ ബീബി ജനിച്ചത്. ഇവരുടെ ഇളയ സഹോദരൻ 12 വയസ്സുള്ള ഷക്കൂർ, 2002 ജൂൺ 22 -ന് മസ്തോയ് ഗോത്രത്തിലെ 20 വസ്സിലേറെ പ്രയമുള്ള സൽമയെന്ന സ്ത്രീയെ മാനഭംഗപ്പെടുത്തി എന്നാരോപണമുയർന്നു. മസ്തോയി ജാതി ഭൂ ഉടമകളും പ്രബലരും മുക്താരൻ ബീബിയുടെ ഗുജാർ ഗോത്രത്തേക്കാൾ ഉയർന്നവരും ആയിരുന്നു. ശരീ അത്ത് അനുസരിച്ച് വധശിക്ഷവരെ കിട്ടാവുന്ന സിനാ (വ്യഭിചാരം) എന്ന കുറ്റകൃത്യമാണ് ഷക്കൂറിന് മേൽ ആരോപിക്കപ്പെട്ടത്. തങ്ങളുടെ സഹോദരിയെ താണജാതിയിൽപ്പെട്ട ഒരുവൻ അപമാനിച്ചു എന്നറിഞ്ഞ മസ്തോയികൾ അക്രമാസക്തരായി. പോലീസിന്റെ പിടിയിലായ ഷുക്കൂറിനെ വധിക്കണമെന്ന ആവശ്യം മസ്തോയികളുയർത്തി. അതേക്കുറിച്ച് ചർച്ച ചെയ്യാനായി കൂടിയ ജിർഗയിൽ (മതകാര്യങ്ങളും സാമൂഹ്യ പ്രശ്നങ്ങളും ചർച്ചചെയ്ത് പരിഹാരം കാണുന്ന ഗ്രാമക്കോടതി/പഞ്ചായത്ത് /ഗോത്ര സഭ) ഏതെങ്കിലും ഗുജ്ജാർ യുവതിയെ മസ്തോയികളെ അഭിമുഖീകരിക്കുന്നതിനായി വിട്ടുകൊടുക്കണമെന്ന് ആലോചന ഉയർന്നു. വിവാഹമോചിതയും മുതിർന്നവളുമായ മുഖ്താർ ബീബിയെ ആണ് ഇതിനായി നിയോഗിച്ചത്. അക്ഷരാഭ്യാസമില്ലാഞ്ഞിട്ട് കൂടി ഖുറാൻ കേട്ടുപഠിച്ച് മന:പാഠമാക്കിയവളും ആദരണീയയുമായ മുക്താരൻ, ജിർഗ്ഗയ്ക്ക് മുൻപാകെ ഹാജരായി അനുജനുവേണ്ടി മാപ്പപേക്ഷിച്ചാൽ അത് മസ്തോയികൾ പരിഗണിക്കുമെന്നായിരുന്നു ഗുജാറുകളുടെ കണക്കുകൂട്ടൽ.
ജിർഗ്ഗയിൽ ഭൂരിപക്ഷം മസ്തോയി വിഭാഗത്തിനായിരുന്നു. അക്രമാസക്തരും ആയുധ ധാരികളുമായ അവർക്കെതിരെ ശബ്ദിക്കാൻ പുരോഹിതനുപോലും കഴിഞ്ഞില്ല. ബാലനായ തന്റെ സഹോദരൻ തെറ്റ് ചെയ്തു എന്നത് അപവാദ പ്രചരണം മാത്രമാണ് എന്ന് ബോദ്ധ്യമുണ്ടായിട്ടും മുഖ്താർ ബീബി അവനുവേണ്ടി മസ്തോയികളോയട് കരഞ്ഞ് മാപ്പു ചോദിച്ചു. എന്നാൽ തങ്ങൾക്കുണ്ടായ അപമാനത്തിന് പകരം, ഗുജാറുകളിലെ ഒരു സ്ത്രീയെ തിരിച്ച് അപമാനിച്ചാലേ തങ്ങളുടെ 'അഭിമാനം' നിലനിർത്താൻ കഴിയൂ എന്ന മസ്തോയികളുടെ വാദം ഗ്രാമകോടതി അംഗീകരിക്കുകയാണുണ്ടായത്. മുഖ്താരൻ ബീബിയെ പരസ്യമായ കൂട്ട ബലാത്സംഗത്തിന് വിധേയയാക്കുവാൻ ഈ ഗോത്ര സഭ വിധിക്കുകയും ചെയ്തു. എല്ലാ എതിർപ്പുകളെയും മറികടന്ന് മസ്തോയി വിഭാഗത്തിലെ നാലോളം പേർ ആയുധ ധാരികളായ മറ്റുള്ളവരുടെ സഹോയത്തോടെ കൂട്ട ബലാത്സംഗം എന്ന ആ പ്രാകൃത ശിക്ഷ നടപ്പാക്കി. സമൂഹമദ്ധ്യത്തിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ മുഖ്താർ മായി ആത്മഹത്യയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് കരുതി ആത്മഹത്യക്ക് ഒരുങ്ങി
കൂട്ട ബലാത്സംഗ ശിക്ഷയ്കിരയായ മറ്റ് സ്ത്രീകളെ പോലെ മുഖ്താർ ബീബിയും ആത്മഹത്യ ചെയ്യാൻ ആലോചിച്ചുവെങ്കിലും അവരുടെ മാതാവ് അവരെ അതിൽ നിന്നും വിലക്കി. സംഭവം കഴിഞ്ഞ് ദിവസങ്ങൾ കഴിയുന്തോറും തന്നെ അപമാനിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മുക്താരന് തോന്നി. അതിനിടെ ഒരു പ്രാദേശിക പത്രം ഈ സംഭവം റിപ്പോർട്ട് ചെയ്തു. ഗത്യന്തരമില്ലാതെ ഈ വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മസ്തോയികളുടെ സ്വാധീനത്തിന് വഴങ്ങി, എഴുത്തും വായനയും അറിയാത്ത മുഖ്താരന്റെ വിരലടയാളം വെള്ളക്കടലാസിൽ പതിപ്പിച്ച് വാങ്ങിയാണ് പോലീസ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയത്. ഈ പ്രഥമ വിവര റിപ്പോർട്ടിൽ കുറ്റക്കാരെ രക്ഷപെടുത്താനുതകും വിധം കൃത്രിമങ്ങൾ വരുത്തിയാണ് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്തത്. പക്ഷേ പത്രങ്ങളുടെ സഹായത്തോടെ മുഖ്താർ മായി വീണ്ടും ചർച്ചകളുയർത്തുകയും ശരിയാംവണ്ണം കേസ് നടത്തുവാൻ സാഹചര്യമൊരുങ്ങുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ബി.ബി.സിയും ടൈം മാഗസിനും അടക്കമുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങളും ഈ വിഷയത്തിൽ വാർത്തകൾ നൽകുകയും പാക്കിസ്ഥനുള്ളിലും പുറത്തുമുള്ള പ്രത്യേകിച്ച് ഫ്രാൻസിലെ മനുഷ്യാവകാശ – വനിതാ വിമോചന പ്രസ്ഥാനങ്ങൾ മുഖ്താർ മായിക്ക് നീതി ഉറപ്പാക്കണമെന്ന് മുറവിളി കൂട്ടുകയും ചെയ്തു. തുടർന്ന് പാക്കിസ്ഥാൻ ഗവൺമെന്റ് ഗൌരവപൂർവ്വം കേസ് നടത്തുന്നതിന് നിർബന്ധിതമായി. ഇതിനിടയിൽ പ്രതിചേർക്കപ്പെട്ടവരുടേയും മസ്തോയ് ഗോത്രക്കാരുടെയും ഭീഷണി നേരിട്ട മുഖ്താർ മായിക്ക് പോലീസ് സംരക്ഷണം നൽകുവാനും ഈ കേസ് ഭീകര വിരുദ്ധ കോടതിയുടെ വിചാരണയ്കു വിടുന്നതിനും സർക്കാർ ഉത്തരവിട്ടു. മുഖ്താർ, പ്രതികൾക്കെതിരെ സധൈര്യം മൊഴിപറഞ്ഞതിനെ തുടർന്ന് ഗ്രാമക്കോടതി അംഗങ്ങളായിരുന്ന 2 പേരുൾപ്പെടെ 6 പ്രതികളെ വിചാരണക്കോടതി 2002 – ൽ വധശിക്ഷയ്ക്ക് വിധിച്ചു. അതേസമയം എട്ട് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. എന്നാൽ 2005 മാർച്ചിൽ ലാഹോർ ഹൈക്കോടതി അപ്പീൽ പരിഗണിച്ച് മുഴുവൻ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതേ വിടുകയാണുണ്ടായത്. നീതി നിർവ്വഹണത്തിലടക്കം ശക്തമായ ഇടപെടലുകൾ സംശയിക്കുന്ന ഈ കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുഖ്താർ ബീബി, പാക്കിസ്ഥാൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് ഇപ്പോള്‍

തനിക്ക് നേരിട്ട അവഹേളനത്തിനുനേരെ സമൂഹമദ്ധ്യത്തിൽ ശബ്ദമുയർത്തുകയും ബലാത്സംഗം ചെയ്തവർക്കെതിരായ കേസ് സധൈര്യം നടത്തുകയും ചെയ്താണ് മുഖ്താർ മായി ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. തുടർന്ന് ലഭിച്ച നഷ്ടപരിഹാര തുക കൊണ്ട് പെൺകുട്ടികൾക്കുവേണ്ടി സ്കൂളും വനിതാക്ഷേമ പരിപാടികളും ഇവർ ആരംഭിച്ചു. ശ്രദ്ധേയരായ വ്യക്തികൾക്ക് യൂറോപ്യൻ കൌൺസിൽ നൽകുന്ന നോർത്ത് - സൌത്ത് പുരസ്കാരമടക്കം പല അന്താരാഷ്ട്ര ബഹുമതികളും നേടിയ ഈ വനിതയെ തേടിയെത്തി ഇന്നും ഗോത്ര ജാതി മത ഭ്രാന്തന്മാരുടെ ഭീഷണിയിലും പാക്കിസ്ഥാൻ സർക്കാരിന്റെ നിയന്ത്രണങ്ങളിലുമാണ് ഇവര്‍ കഴിയുന്നത്.
മുഖ്താർ മായി നേരിട്ട കൂട്ട ബലാത്സംഗവും അതിനെ തുടർന്നുള്ള നിയമ യുദ്ധവും അവരുടെ ജീവിതത്തിലെ ഭരണകൂട ഇടപെടലുകളും സംഭവ ബഹുലവും തീവ്രവുമാണ്. ഫ്രഞ്ച് എഴുത്തുകാരിയായ മേരി തെരേസ് ക്യൂനി അവരെ സമീപിച്ച് അവരുടെ ഈ സ്മരണകൾ പുസ്തക രൂപത്തിലാക്കുവാൻ സഹായിക്കുകയും ഫ്രഞ്ചിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പുസ്തകം ഫ്രാൻസിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഒന്നായി തീർന്നു. പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും കേസ് മുന്നോട്ടുകൊണ്ട് പോകുന്നതിൽ നിന്നും മുഖ്താർ മായിയെ പിന്തിരിപ്പിക്കുവാൻ പാക്കിസ്ഥൻ രാഷ്ട്രീയത്തിലെ ഉന്നതരടക്കം പലരും ശ്രമിച്ചു. രാജ്യത്തെ അന്താരാഷ്ട്ര വേദികളിൽ അപമാനിക്കുന്നതാണ് അവരുടെ പ്രവർത്തികളെന്നും വിദേശ ധനസഹായം നേടിയെടുക്കലാണ് അവരുടെ ലക്ഷ്യമെന്നും ഈ ആളുകൾ പ്രചരിപ്പിച്ചു. എന്നാൽ ഇത്തരത്തിൽ സാർവ്വദേശീയ ശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞതുകൊണ്ട് മാത്രമാണ് സാമുദായികവും രാഷ്ട്രീയവുമായ സ്വാധീനത്താൽ തേഞ്ഞുമാഞ്ഞു പോകുമായിരുന്ന മുഖ്താർ മായി കേസ് വെല്ലുവിളികൾ നേരിട്ടുകൊണ്ടാണെങ്കിലും മുന്നോട്ടുപോയത് എന്ന് വിലയിരുത്തപ്പെടുന്നു. തന്റെ കേസ് അചഞ്ചലയായി മുന്നോട്ടുകൊണ്ടുപോയ മുഖ്താറിനെ 'ബഹുമാന്യയായ ജ്യേഷ്ഠത്തി' എന്ന അർത്ഥത്തിൽ, ആളുകൾ മുക്താർ മായ് എന്നാണ് വിളിക്കുന്നത്. വിധിക്ക് കീഴടങ്ങാതെ നീതിക്കുവേണ്ടി പൊരുതുന്ന മുഖ്താർ മായി പാക്കിസ്ഥാനിലും ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ പ്രതീകമായി മാറിയിരിക്കുകയാണിപ്പോള്‍
സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്യുന്നതടക്കമുള്ള പ്രാകൃത ശിക്ഷകൾ പാക്കിസ്ഥാനിൽ നിലനിൽക്കുന്നു എന്ന പ്രചരണം അന്തർദ്ദേശീയ തലത്തിൽ പാക്കിസ്ഥൻ സർക്കാരിന്റെ പ്രതിച്ഛായയ്ക് കളങ്കമേൽപ്പിച്ചു. പരിഹാരമെന്ന നിലയിൽ കേസു തുടരുവാനും പോലീസ് സംരക്ഷണം നൽകുവാനും നഷ്ടപരിഹാരം നൽകുവാനും സർക്കാരിന് തീരുമാനമെടുക്കേണ്ടിവന്നു. ഇത്തരത്തിൽ കിട്ടിയ 5,00,000/- രൂപ ഉപയോഗിച്ച് മുഖ്താർ മായി തന്റെ ഗ്രാമത്തിൽ പെൺകുട്ടികൾക്കായി ഒരു സ്കൂൾ ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നസീം എന്ന യുവതിയുടെ സഹായത്തോടെ 'മുഖ്താർ മായി വനിതാ ക്ഷേമ സംഘം' (Mukhtar Mai's Women Welfare Organisation) രൂപീകരിക്കാനും ഇവർക്ക് കഴിഞ്ഞു. മുക്താർ മായിയും അവരുടെ സംഘടനയും പാക്കിസ്ഥാനിലെ സ്ത്രീകളുടെ ഒരു ആശാകേന്ദ്രമായി മാറികഴിഞ്ഞു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായുള്ള പ്രത്യേക സ്കൂളും വനിതാ ശേഷി കേന്ദ്രം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ അവർ ഏറ്റെടുത്തു നടത്തുന്നു
മുക്താർ മായി അവരുടെ സ്മരണയിൽ പറയുന്നു : “പക്ഷേ, പെൺകുട്ടികൾ വായിക്കാൻ പഠിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാക്കണം. എനിക്കും വായിക്കാൻ പഠിക്കണം. ഇനിയൊരിക്കലും ഞാനൊരു വെള്ളക്കടലാസിൽ വിരലടയാളം പതിക്കില്ല.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം