യഹോവയുടെ സാക്ഷികൾ


മുഖ്യധാരാക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായി പുനരുദ്ധാരണവിശ്വാസികളും, സഹസ്രാബ്ദവാഴ്ച്ചക്കാരും, അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികൾ
ചാൾസ് ടെയ്സ് റസ്സൽ (ഫെബ്രുവരി 16, 1852 – ഒക്ടോബർ 31, 1916), അല്ലെങ്കിൽ പാസ്റ്റർ റസ്സൽ, യു എസ് എയിലെ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ഉള്ള ഒരു ക്രിസ്തീയ ചിന്തകൻ ആയിരുന്നു. അദ്ദേഹം ഒരു ബൈബിൾ വിദ്യാർഥി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ഇതിൽ നിന്നാണ് യഹോവയുടെ സാക്ഷികൾ എന്ന സംഘടന ഉത്ഭവിച്ചത്.
1870-ൽ ചാൾസ് ടെയ്സ് റസ്സൽ എന്ന യുവ ബൈബിൾ ഗവേഷകന്റെ നേതൃത്വത്തിൽ ഒരു നിഷ്പക്ഷ ബൈബിൾ പഠന സംഘം അമേരിക്കൻ ഐക്യനാടുകളിലെ പെനിസിൽവാനിയയിൽ കൂടുകയുണ്ടായി. 1876-ൽ ഇവർ ബൈബിൾ വിദ്യാർത്ഥികൾ എന്ന ഒരു സംഘടന രുപീകരിച്ചു. തന്റെ ശുശ്രുഷകാലത്തുടനീളം ത്രിത്വം, അത്മാവിന്റെ അമർത്യത, തീനരകം, വിധി, യേശുവിന്റെ ജഡപ്രകാരമുള്ള തിരിച്ചുവരവ്വ്, ഭുമി ലോകാവസാനത്തിൽ നശിപ്പിക്കപെടും എന്നതുപോലുള്ള പരമ്പരാഗത ക്രൈസ്തവരുടെ വിശ്വാസങ്ങളെയും, പാരാമ്പര്യങ്ങളെയും അദ്ദേഹം ചോദ്യംചെയ്തു.ചെറുപ്പം മുതൽ ബൈബിളിൽ താല്പര്യം വളർത്തിയിരുന്ന റസ്സലിനെ അന്നുണ്ടായിരുന്ന ചില സഹസ്രാബ്ദവാഴ്ച്ചക്കാരുടെ പഠിപ്പിക്കലുകൾ സ്വാധീനിച്ചിരുന്നു1877-ൽ റസ്സലും, നെൽസൺ ബാർബ്ബർ എന്ന വ്യക്തിയും ചേർന്ന് "പ്രഭാത മുന്നോടി" എന്ന മാസികയും,"മൂന്ന് ലോകങ്ങൾ" എന്ന പുസ്തകവും എഴുതുകയുണ്ടായി. ബൈബിൾ കാലക്കണക്കനുസരിച്ച് 1914-ൽ 2520 വർഷത്തെ "ജാതികളുടെ കാലം" അവസാനിക്കുമെന്നും അങ്ങനെ ക്രിസ്തു സ്വർഗ്ഗത്തിൽ രാജാവാകാനുള്ള സമയം അപ്പോഴാണെന്നും അതിൽ ഇവർ പറയുകയുണ്ടായി. പിന്നീട് റസ്സലും നെൽസൺ ബാർബ്ബറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തതിനാൽ ഇവർ സമാധാനപൂർണ്ണമായി പിരിയുകയുണ്ടായി
ഈ മതം എഴുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികൾ സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെടുന്നതായും, ഒരു കോടി ഇരുപതുലക്ഷത്തിൽ പരം സമ്മേളന ഹാജർ ഉള്ളതായും, ഒരു കോടി എൺപതുലക്ഷത്തിൽ പരം വാർഷിക സ്മാരക ഹാജർ ഉള്ളതായും വൃത്താന്തമറിയിക്കുന്നു. ഈ ലോക വ്യവസ്ഥിതിയെ അർമ്മഗദോനിലൂടെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുമെന്നുമുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.
വാച്ച്ടവർ ബൈബിൾ ആന്റ് ട്രാകറ്റ് സൊസൈറ്റി എന്ന നിയമപരമായ കോർപ്പറേഷനിലൂടെയാണ് ഇവരുടെ പ്രവർത്തനം ലോകവ്യാപകമായി ഏകോപിപ്പിച്ച് നടത്തപ്പെടുന്നത്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം ബൈബിളിൽ മാത്രം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതാണെന്ന് പറയുന്നു. പക്വതയുള്ള ഒരു കൂട്ടം പുരുഷന്മാരാലുള്ള ഭരണസംഘമാണ് ഇവരുടെ ദൈവശാസ്ത്രത്തിനും, പ്രവർത്തനങ്ങൾക്കും മേൽനോട്ടം നടത്തുന്നത്.
വിവിധ വംശീയപശ്ചാത്തലങ്ങളിൽനിന്നുള്ള, വ്യത്യസ്‌ത ഭാഷക്കാരായ ആളുകളാണ്‌ ഞങ്ങൾ. എന്നാൽ ഞങ്ങൾക്കെല്ലാവർക്കും ഒരേ ലക്ഷ്യങ്ങളാണുള്ളത്‌. സകലത്തിന്‍റെയും സ്രഷ്ടാവായി ബൈബിൾ തിരിച്ചറിയിക്കുന്ന യഹോവ എന്ന ദൈവത്തിന്‌ മഹത്ത്വം കരേറ്റുക എന്നതാണ്‌ ഞങ്ങളുടെ മുഖ്യലക്ഷ്യം. യേശുക്രിസ്‌തുവിനെ അനുകരിക്കാൻ ഞങ്ങൾ സർവശ്രമവും ചെയ്യുന്നു; ക്രിസ്‌ത്യാനികൾ എന്ന് അറിയപ്പെടുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ബൈബിളിനെയും ദൈവത്തിന്‍റെ രാജ്യത്തെയും കുറിച്ച് അറിയാൻ മറ്റുള്ളവരെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു; ഞങ്ങളോരോരുത്തരും പതിവായി അതിനു സമയം കണ്ടെത്താറുണ്ട്. യഹോവയാം ദൈവത്തെയും അവന്‍റെ രാജ്യത്തെയും കുറിച്ച് സാക്ഷ്യംപറയുന്നതുകൊണ്ടാണ്‌ ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നത്‌.
യഹോവയുടെ സാക്ഷികൾ പിതാവായ ദൈവത്തിന്റെ യഹോവ[9] എന്ന നാമത്തിന്—അല്ലെങ്കിൽ മറ്റുഭാഷകളിൽ തത്തുല്യമായ ഉച്ചാരണത്തിന്—പ്രാധാന്യം കൊടുക്കുകയും അവനെ മാത്രം സർവ്വശക്തനായ് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു. വീടുതോറുമുള്ള സാക്ഷീകരണത്തിനും, സൈനിക സേവനത്തിൽ ഏർപ്പെടാത്തതിനും, രക്തം സ്വീകരിക്കാത്തതിനും യഹോവയുടെ സാക്ഷികൾ അറിയപ്പെടുന്നു. വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകൾ ഇവരുടെ പ്രസിദ്ധീകരണങ്ങളാണ്. വിശ്വാസികൾ ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്കരിക്കുന്നു. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവയ്ക്ക് പുറജാതീയ ഉദ്ഭവം ഉള്ളതിനാൽ അവയ്ക്ക് ക്രിസ്തുമതത്തിൽ സ്ഥാനമില്ല എന്നു പഠിപ്പിച്ച് ആഘോഷിക്കുന്നില്ല. അംഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങളെ "സത്യം" എന്ന് വിശേഷിപ്പിക്കുകയും, തങ്ങൾ "സത്യത്തിലാണ്" എന്ന് കരുതുകയും ചെയ്യുന്നു.ഈ ലോക ജനത ധാർമ്മിക നിലവാരമില്ലാത്തവരാണെന്നും, സാത്താന്റെ സ്വാധീനത്തിന്റെ കീഴിലാണെന്നും ഇവർ വിശ്വസിക്കുന്നതിനാൽ വിശ്വാസികളല്ലാത്തവരുമായി സാമൂഹികമായി അടുത്ത് സഹവസിക്കുന്നത് നിരുൽസാഹപ്പെടുത്തിയിരിക്കുന്നു.
സ്നാനപ്പെട്ടതിനു ശേഷം ഇവരുടെ സംഘടനയുടെ അടിസ്ഥാനപരമായ തത്ത്വങ്ങൾക്കും, ധാർമ്മിക നിലവാരത്തിനും വിരുദ്ധമായി പോകുന്നവരെ അച്ചടക്ക നടപടികൾക്ക് വിധേയരാക്കുന്നു. കൂടെക്കൂടെ ബുദ്ധിയുപദേശിച്ചിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് അനുതാപം പ്രകടമാക്കാത്തവരെ സഭയിൽ നിന്ന് നീക്കം ചെയ്തതായി അറിയിക്കപ്പെടുന്നു. നീക്കം ചെയ്തവരുമായി സഹവസിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇവർ പിന്നീട് അനുതപിക്കുന്നതായി ബോധ്യപ്പെട്ടാൽ തിരിച്ചെടുക്കുന്നു
രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കാനും, ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസ്സാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകമായും നിർബന്ധിത സൈനിക സേവനം നിഷ്കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്. തൻനിമിത്തം, പല രാജ്യങ്ങളിൽ ഇവർ നിരന്തര പിഡനങ്ങൾക്ക് വിധേയരാക്കപ്പെടുകയും ഇവരുടെ പ്രവർത്തനം നിരോധിക്കുകയും ചെയ്യപെട്ടിരിക്കുന്നു. ഇവരുടെ ദീർഘകാല നിയമയുദ്ധം, പല രാജ്യങ്ങളുടെയും നിയമനിർമാണത്തിൽ പ്രത്യേകിച്ച് പൗരാവകാശ മേഖലയിൽ പറയത്തക്ക സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മത്തായി 24:24-30,മത്തായി 24:36-43 എന്നീ തിരുവെഴുത്തുകളിൽ യേശു പറഞ്ഞ കളയുടെയും ഗോതമ്പിന്റെയും ഉപമയെയാണ് യഹോവയുടെ സാക്ഷികൾ ക്രിസ്തീയസഭാപുനരുദ്ധാരണനവാദത്തിനു പ്രധാനമായും പഠിപ്പിക്കുന്നത്. അവിടെ യേശു വിതച്ചു എന്ന് പറയുന്ന ഗോതമ്പ് സത്യക്രിസ്ത്യാനിത്വമാണെന്നും, കള സാത്താൻ വിതച്ച വ്യാജക്രിസ്ത്യാനിത്വം ആണെന്നും ഇവർ പഠിപ്പിക്കുന്നു. "മനുഷ്യൻ ഉറങ്ങുമ്പോൾ" സാത്താൻ കള വിതച്ചു എന്നതിനെ ആപ്പോസ്തലന്മാരുടെ മരണാനന്തരം സത്യക്രിസ്ത്യാനിത്വത്തിനിടയിൽ സാത്താൻ വിതച്ച വ്യാജപഠിപ്പിക്കലുകൾ ആണെന്നിവർ വ്യാഖ്യാനിക്കുന്നു. കൂടാതെ "രണ്ടുംകൂടെ കൊയ്ത്തോളം(ലോകാവസാനത്തോളം) വളരട്ടെ" എന്നതിനെ സത്യക്രിസ്ത്യാനികളും വ്യാജക്രിസ്ത്യാനികളും അന്ത്യകാലം വരെ തുടരാൻ ദൈവം അനുവദിച്ചു എന്ന് അർത്ഥമാക്കുന്നുവെന്ന് ഇവർ പഠിപ്പിക്കുന്നു. എന്നാൽ അന്ത്യകാലത്ത് യഹോവയെ ആരാധിക്കുന്ന സത്യക്രിസ്ത്യാനികൾ സകലജാതികളിൽ നിന്ന് വരുമെന്നും അത് യഹോവയുടെ സാക്ഷികളാണെന്നും മിഖാ 4:1-4 അടിസ്ഥാനമാക്കി ഇവർ പഠിപ്പിക്കുന്നു. "അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല" എന്ന് അവിടെ മിഖാ പ്രവചനത്തിൽ പറഞ്ഞിരിക്കുന്നതിനാൽ യഹോവയുടെ സാക്ഷികൾ സൈനീകസേവനം നടത്തുന്നില്ല. കൂടാതെ "കളകൾ കെട്ടുകളായി കെട്ടി തീയിലിട്ടു ചുട്ടുകളയും" എന്നതിനെ ഉടനെ തന്നെ ദൈവരാജ്യത്തിലൂടെ വ്യാജമതങ്ങളെല്ലാം നശിപ്പിക്കപെടുമെന്ന് ഇവർ പഠിപ്പിക്കുന്നു. കളകളുടെയും ഗോതമ്പിന്റെയും വേർതിരിക്കൽ വേലയാണ് തങ്ങൾ ചെയ്യുന്നതെന്ന് അവർ പഠിപ്പിക്കുന്നു. കൂടാതെ "നോഹയുടെ നാൾ പോലെതന്നെ മനുഷപുത്രന്റെ വരവും ആകും" എന്നും, "ജീവനിലേക്ക് പോകുന്ന വാതിൽ ഇടുക്കമുള്ളത്, അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ" എന്നും യേശു പറഞ്ഞതിനാൽ ഇവരെ ലോകം കളിയാക്കുമെന്നും, ചുരുക്കം ചില ആളുകളെ ഇതു മനസ്സിലാക്കുകയുള്ളുവെന്നും ഇവർ പഠിപ്പിക്കുന്നു. കൂടാതെ നോഹയെ പോലെ ഒരു സാക്ഷ്യത്തിനായി പ്രസംഗിക്കേണ്ടതാവശ്യമാണെന്ന് പറഞ്ഞ് മത്തായി 24:14 അടിസ്ഥാനമാക്കി ഇവർ ലോകവ്യാപകമായി വീടുതോറും പോയി സംസാരിക്കുന്നു. കൂടാതെ ആദിമക്രിസ്തീയ സഭയുടെ തത്ത്വങ്ങളാണ് തങ്ങൾ അനുകരിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു
1931-ൽ അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോയിൽ വച്ച് നടന്ന ഒരു സമ്മേളനത്തിൽ "നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു;" എന്ന യെശയ്യാവ് 43:10-12 തിരുവെഴുത്തുകളെ ആധാരമാക്കി യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ചതായി അറിയിച്ചു. റസ്സലിന്റെ മരണത്തിനു ശേഷം വാച്ച്ടവർ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിച്ച പല ബൈബിൾ വിദ്യാർത്ഥികൂട്ടങ്ങളിൽ നിന്നും തങ്ങളെ വ്യത്യസ്തരാക്കി നിലനിറുത്താൻ ഈ പുതിയ നാമം സഹായകമായിതീർന്നു.
1942-ൽ റുതർഫോർഡ് മരിച്ചതിനു ശേഷം പിന്നീട് ഭരണസംഘത്തിലെ അംഗങ്ങളായിരുന്ന നാഥാൻ എച്ച്. നോർ (1942-1977), ഫ്രെഡറിക്ക് ഫ്രാൻസ് (1977–1992), മിൽട്ടൺ ഹെൻഷൽ (1992–2000) എന്നിവരായിരുന്നു വാച്ച് ടവർ സൊസൈറ്റിയുടെ തുടർന്നുവന്ന പ്രസിഡന്റുമാർ.[ വാച്ച്ടവർ സൊസൈറ്റിയുടെ പ്രസിഡന്റ് എന്നത് നിയമപരമായ ആവശ്യങ്ങൾക്ക് മാത്രമെ ഉപയോഗിക്കുന്നുള്ളു, 1976 മുതൽ ഒരു ഭരണസംഘമാണ് യഹോവയുടെ സാക്ഷികളുടെ സംഘടനയ്ക്ക് മേൽനോട്ടം നടത്തുന്നത്. 2000 മുതൽ ഭരണസംഘത്തിലെ അംഗമല്ലാത്ത ഡോൺ എ. ആഡംസാണ് വാച്ച്ടവർ സൊസൈറ്റിയുടെ പ്രസിഡന്റ്.
ഈ മതത്തിലെ പ്രവർത്തകർ 1905-ലാണ് കേരളത്തിൽ പ്രചാരത്തിനായെത്തിയത്, എന്നാൽ 1950-കളിലാണ് ഇവർ സജീവമായിത്തുടങ്ങിയത്. യഹോവയുടെ സാക്ഷികൾ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തിൽ ഇവരെ "യഹോവാസാക്ഷികൾ" എന്ന് പൊതുവെ ജനങ്ങൾ വിളിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ യഹോവയുടെ സാക്ഷികളുടെ സ്ഥാപകനായ സി.റ്റി. റസ്സൽ പ്രസംഗിച്ച സ്ഥലം ഇപ്പോൾ റസ്സൽപുരം എന്നറിയപ്പെടുന്നു. മല്ലപ്പള്ളി, മീനടം, പാമ്പാടി, വാകത്താനം, കങ്ങഴ, അയർക്കുന്നം, പുതുപ്പള്ളി എന്നിവടങ്ങളിൽ ആദ്യകാലത്ത് പ്രവർത്തനം നടന്നിരുന്നു. ഇപ്പോൾ കേരളമൊട്ടാകെ സജീവമാണ്. കേരളത്തിൽ പതിനയ്യായിരത്തിൽ അധികം വിശ്വാസികൾ ഉള്ളതായി കണക്കാക്കുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും വർഷത്തിൽ മൂന്നു തവണ ഇവർ കൺവൻഷൻ നടത്താറുണ്ട്
 യഹോവയുടെ സാക്ഷികൾ അവരുടെ ആരാധനക്കായി കൂടിവരുന്ന മന്ദിരമാണ് രാജ്യഹാൾ . 1935-ൽ യഹോവയുടെ സാക്ഷികളുടെ പ്രസിഡന്റായിരുന്ന ജോസഫ് ഫ്രാങ്ക്ലിൻ റൂതർഫോർഡാണ് ഹാവായിലെ സാക്ഷികളുടെ ഒരു കെട്ടിടത്തെ കുറിക്കാൻ ഈ നാമം ഉപയോഗിച്ച് വിളിച്ചത്. ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത പഠിപ്പിക്കുന്ന സ്ഥലം എന്ന നിലയ്ക്കാണ് ഈ നാമം അദ്ദേഹം ഉപയോഗിച്ചത്. യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി അവരുടെ ആരാധന നടത്താനും, ബൈബിൾ പഠിക്കാനും രാജ്യഹാളുകളിൽ കൂടിവരുന്നു

 യഹോവയുടെ സാക്ഷികൾ മുകളിൽ നിന്ന് താഴേക്കുള്ള രീതിയിൽ സംഘടിതരാണ്. അവരുടെ മേൽനോട്ടം നടത്തുന്നവർ, ദൈവത്തിന്റെ ഭൗമീക സംഘടന ഇവരുടെതാണ് എന്ന രീതിയിൽ ഇതിനെ ദിവ്യാധിപത്യപരം എന്ന് വിളിക്കുന്നു. ഇവരുടെ സംഘടനയുടെ നിയമപരമായ കോർപ്പറേഷൻ "വാച്ച്ടവർ" എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
  
 
ഞങ്ങൾ വിശ്വസിക്കുന്നത്‌: ദൈവരാജ്യം എന്നത്‌ ഹൃദയത്തിലെ ഒരു അവസ്ഥയല്ല, അത്‌ ഒരു യഥാർഥ ഭരണകൂടമാണ്‌. ദൈവരാജ്യത്തെക്കുറിച്ച് 1881 ഡിസംബർ ലക്കം സീയോന്‍റെ വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞിരുന്നു: “ഈ രാജ്യം സ്ഥാപിക്കുന്നതിൽ ഭൂമിയിലെ സകല രാജ്യങ്ങളെയും നശിപ്പിക്കുന്നത്‌ തീർച്ചയായും ഉൾപ്പെടുന്നു.

  
സഹസ്രാബ്ദവിശ്വാസം പുലർത്തുന്ന ക്രിസ്തീയ വിഭാഗങ്ങൾ യേശു അന്ത്യകാലത്ത് തിരികെ വരുമ്പോൾ എതിർക്രിസ്തുവിനെയും സാത്താനെയും അർമ്മഗദോനിലെ യുദ്ധത്തിൽ വെച്ച് പരാജയപ്പെടുത്തുകയും തുടർന്ന് സാത്താനെ സഹസ്രാബ്ദക്കാലം എന്നറിയപ്പെടുന്ന ആയിരം വർഷത്തേക്ക് അഗാധത്തിൽ തടവിലിടുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു.

 ബൈബിളാണ് യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളുടെ ആധാരം. പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവർ എന്ന് ഇവർ പറയുന്ന മൂപ്പന്മാരുടെ ഒരു ഭരണസംഘമാണ് യഹോവയുടെ സാക്ഷികളുടെ ദൈവശാസ്ത്രത്തിനും, ബൈബിൾ വ്യാഖ്യാനത്തിനും മേൽനോട്ടം നടത്തുന്നത്. ആദിമ ക്രിസ്ത്യാനികൾ ഒരു ഭരണസംഘത്താലാണ് നയിക്കപ്പെട്ടത് എന്ന് ഇവർ കരുതുന്നതിനാലാണ് അങ്ങനെ ചെയ്യുന്നത് തങ്ങളുടെ തത്ത്വങ്ങൾ കാലാനുക്രമമായി വെളിപ്പെടുന്നവയാണെന്നും, ബൈബിളിന്റെ ആഴമായ പഠനത്തില്ലുടെ ദൈവിക വെളിച്ചം പരിശുദ്ധാത്മാവിനാൽ തങ്ങളെ യേശുവും, ദൂതന്മാരും പഠിപ്പിക്കുന്നതായി ഇവർ കരുതുന്നു. ഏന്നിരുന്നാലും ഭരണസംഘം തങ്ങൾക്ക് എന്തെങ്കിലും ദിവ്യവെളിപ്പെടുത്തൽ ഉള്ളതായി പറയുന്നില്ല

  പൂർണ്ണ പ്രൊട്ടസ്റ്റന്റ് കാനോനിക ബൈബിളും സത്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. ബൈബിൾ ശാസ്ത്രീയപരമായും, ചരിത്രപരമായും, പ്രവചനപരമയും കൃത്യത ഉള്ളതാണെന്നും ആധുനിക ലോകത്തും പ്രായോഗികമാണെന്നും ഇവർ വിശ്വസിക്കുന്നു. അവർ ബൈബിളിനെ അക്ഷരാർത്ഥത്തിൽ തന്നെ പഠിപ്പിക്കുന്നു, എന്നാൽ സന്ദർഭം കണക്കിലെടുത്ത് ചില തിരുവെഴുത്തുകൾ ആലങ്കാരികമായി പഠിപ്പിക്കുന്നു. അന്ത്യകാലത്ത് തന്റെ വിശ്വസ്തർക്ക് തക്കസമയത്ത് ആത്മീയ ആഹാരം പ്രദാനം ചെയ്യാൻ ദൈവം നിയോഗിച്ച വിശ്വസ്തനും ബുദ്ധിമാനുമായ അടിമ (ബൈബിളിൽ കാണപ്പെടുന്നത്) ഇവരുടെ ഭരണസംഘമാണെന്ന് ഇവർ വിശ്വസിക്കുന്നു. തങ്ങളുടെ എല്ലാ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും യേശു സ്ഥാപിച്ച ആദിമ "സത്യ" ക്രിസ്ത്യാനിത്വത്തിന്റെ തത്ത്വങ്ങളുമായി ഒത്തുപോകുന്നതാണെന്നും, ആയതിനാൽ ബൈബിളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നതു പോലെ അന്ത്യകാലത്ത് പുനഃസ്ഥാപിക്കപ്പെടുമെന്ന് പറഞ്ഞിരിക്കുന്ന സത്യക്രിസ്തീയർ തങ്ങളാണെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. സ്വന്തമായ ബൈബിൾ പഠനത്തിലൂടെ ദൈവീക വെളിച്ചം കിട്ടില്ലെന്നും ആകയാൽ ബൈബിളിലെ സത്യം മനസ്സിലാക്കാൻ വ്യക്തികൾ യഹോവയുടെ സാക്ഷികളുമായി ആശയവിനിമയം ചെയ്യണമെന്നും ഇവർ പഠിപ്പിക്കുന്നു

   
യഹോവയുടെ സാക്ഷികൾ ബൈബിളിലെ പിതാവായ ദൈവത്തിന്റെ നാമത്തിനു പ്രാധാന്യം കൊടുക്കുന്നു. ബൈബിളിന്റെ എബ്രായ മൂലപാഠത്തിൽ ദൈവത്തിന്റെ വ്യക്തിപരമായ നാമത്തെകുറിക്കാൻ "യ്ഹ്‌വ്ഹ്" എന്ന ചതുരക്ഷരി ഉപയോഗിച്ചിരുന്നു. "യ്ഹ്‌വ്ഹ്" എന്ന ചതുരക്ഷരിക്ക് മലയാളത്തിൽ പൊതുവെ സ്വീകരിക്കപ്പെടുന്ന യഹോവ എന്ന നാമം അവർ ഉപയോഗിക്കുന്നു.അവർ യഹോവ ഏകസത്യദൈവമായും, സർവ്വശക്തനായും, പ്രപഞ്ച സ്രിഷ്ടാവായും വിശ്വസിക്കുന്നു.ആരാധന യഹോവയ്ക്ക് മാത്രമാണെന്ന് ഇവർ പഠിപ്പിക്കുന്നു. പരിശുദ്ധാത്മാവെന്നത് ഒരു വ്യക്തിയല്ല മറിച്ച് യഹോവയുടെ പ്രവർത്തനനിരതമായ ശക്തിയാണെന്ന് ഇവർ വിശ്വസിക്കുന്നു   
  
  
യഹോവയുടെ സാക്ഷികൾ യേശുവിനെ പിതാവിന്റെ ഏകജാത പുത്രനായി വിശ്വസിക്കന്നു. അതായത് യഹോവയുടെ നേരിട്ടുള്ള ആദ്യ സൃഷ്ടിയായ് യേശുവിനെ കാണുന്നു.മറ്റെല്ലാ സൃഷ്ടികളെയും പിതാവായ യഹോവ, യേശു മുഖാന്തരം സൃഷ്ടിച്ചതായും വിശ്വസിക്കുന്നു. പാപികളായ മനുഷ്യർക്കായി തന്റെ പാപമില്ലാത്ത അമർത്യ ജീവൻ നൽകിയതിനാൽ യേശുവിനെ രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, പാപപരിഹാരകനായും വിശ്വസിക്കുന്നു. കൂടാതെ ദൈവരാജ്യത്തിന്റെ രാജാവായും വിശേഷിപ്പിച്ചിരിക്കുന്നു. എന്നാൽ യേശു കുരിശിലല്ല മറിച്ച് ഒരു സ്തംഭത്തിലാണ് മരിച്ചതെന്ന് ഇവർ വിശ്വസിക്കുന്നു. പ്രധാന ദൂതനായ മിഖായേൽ, വചനം, അബദ്ദോൻ (അപ്പൊല്യോൻ) എന്നീ നാമങ്ങൾ അവർ യേശുവിനു ബാധകമാക്കുന്നു  
   
യഹോവയുടെ സാക്ഷികൾ സാത്താൻ ഈ ലോകത്തിന്റെ അദൃശ്യ ഭരണാധികാരിയായി വിശ്വസിക്കുന്നു.ആവൻ ആദ്യം സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വിശ്വസ്ത ദൂതനായിരുന്നു എന്നും, എന്നാൽ തന്റെ ഇച്ഛാസ്വാതന്ത്ര്യം (ഇഷ്ടാനുസരണം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം) തെറ്റായി വിനിയോഗിച്ച അവൻ ദൈവത്തിനെതിരെ തിരിഞ്ഞു എന്നും പഠിപ്പിക്കുന്നു. അങ്ങനെ ആദാമിനെയും ഹൗവ്വായെയും (ബൈബിളിലെ ആദിമ മനുഷ്യജോടി) വഴിതെറ്റിച്ചുകൊണ്ട് സാത്താൻ മനുഷ്യ വർഗ്ഗത്തെ പാപത്തിലേക്ക് തള്ളിയിട്ടുവെന്നും, അങ്ങനെ പാപത്തിന്റെ ഫലമായി മനുഷ്യൻ മരിക്കാനും കഷ്ടപ്പെടാനും തുടങ്ങിയെന്നും വിശ്വസിക്കുന്നു

  
ഫലത്തിൽ ദൈവം ഒരു നുണയനാണെന്നും, മനുഷ്യരിൽ നിന്ന് നന്മ മനപ്പൂർവ്വം പിടിച്ചുവച്ചിരിക്കുകയാണെന്നും ആരോപിച്ചുകൊണ്ട് സാത്താൻ ദൈവത്തിന്റെ ഭരണവിധത്തെ ചോദ്യം ചെയ്തതായി ഇവർ പഠിപ്പിക്കുന്നു.

 സാത്താനെ ഉടനെ നശിപ്പിക്കുന്നതിനു പകരം തന്റെ ഭരണവിധമാണ് ശരിയെന്ന് എല്ലാ സ്രിഷ്ടികളെയും ബോധ്യപെടുത്താൻ തീരുമാനിച്ച ദൈവം, സാത്താനെ ഭുമിയെ ഭരിക്കാൻ കുറച്ചുകാലം അനുവദിച്ചിരിക്കുകയാണെന്നും ഇവർ വിശ്വസിക്കുന്നു. എന്നാൽ മനുഷ്യൻ ഭൂമിയിൽ എക്കാലവും ജീവിക്കണം എന്ന ദൈവത്തിന്റെ ആദിമ ഉദ്ദേശം നിറവേറ്റാൻ ദൈവത്തിന്റെ നീതിപ്രകാരം പാപമില്ലാത്ത ഒരാൾ പാപികളായ മനുഷ്യർക്കുവേണ്ടി മരിക്കണമായിരുന്നെന്നും, ആ മറുവില മനുഷ്യരോടുള്ള സ്നേഹം നിമിത്തം തന്റെ സ്വന്തം പുത്രനായ യേശുക്രിസ്തുവിന്റെ ബലിമരണത്തിലൂടെ ദൈവം സാദ്ധ്യമാക്കിയെന്നും വിശ്വസിക്കുന്നു

 കൂടാതെ ഇയ്യൊബിനെയും (ബൈബിളിലെ കഥാപാത്രം) യേശുവിനെയും പോലെയുള്ളവർ അനുകുല സാഹചര്യമല്ലാത്തപ്പോൾ പോലും ദൈവത്തെ അനുസരിച്ചതിനാൽ അവർ സാത്താന്റെ വാദത്തിനു ഉത്തരം നൽകിയതായും ഇവർ പറയുന്നു. ആകയാൽ ദൈവത്തോട് വിശ്വസ്തരായി ജീവിക്കുന്ന മനുഷ്യർക്ക് ഭൂമിയിൽ ദൈവരാജ്യത്തിൻ കീഴിൽ എന്നന്നേക്കും ജീവിക്കാനാകും എന്ന് ഇവർ വിശ്വസിക്കുന്നു. കൂടാതെ യഹോവയുടെ സാക്ഷികളുടെ ബൈബിൾ കാലക്കണക്കു പ്രകാരം യേശു 1914-ൽ സ്വർഗ്ഗത്തിൽ രാജാവായി അഭിഷേകം ചെയ്യപ്പെട്ടെന്നും, തുടർന്ന് സാത്തനെ ഭുമിയിലേക്ക് തള്ളിയിട്ടു എന്നും ഇവർ പഠിപ്പിക്കുന്നു. 1914-ലു മുതൽ മനുഷ്യവർഗ്ഗം അന്ത്യകാലത്താണ് ജീവിക്കുന്നതെന്നും, ഇനി അർമ്മഗദോനിലൂടെ സാത്തനെ ആയിരം വർഷം തടങ്കലിൽ ആക്കുമെന്നും, തുടർന്ന് ഭുമിയിൽ ദൈവരാജ്യം സ്ഥാപിതമാകുമെന്നും പഠിപ്പിക്കുന്നു. ആയിരം ആണ്ടിന്റെ അവസാനം മനുഷ്യരെ അന്തിമമായ് പരീക്ഷിക്കപ്പെടാനായി കുറേകാലം സാത്തനെ അഴിച്ചുവിട്ടതിനു ശേഷം, യേശു സാത്താനെ നശിപ്പിക്കുമെന്നും തുടർന്ന് പിതാവായ യഹോവയ്ക്ക് രാജ്യം തിരികെ എല്പ്പിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.

 ആത്മാവിന്റെ അമർത്യതയിൽ യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നില്ല. മരണം എന്നത് എങ്ങും അസ്തിത്വം ഇല്ലാത്ത അവസ്ഥയാണെന്നും, ജനിക്കുന്നതിനു മുൻപേ ഉള്ളതുപോലെയുള്ള ഒരവസ്ഥയാണെന്നും, അവർക്ക് ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയുകയില്ലെന്ന് ഇവർ വിശ്വസിക്കുന്നു. നരകം എന്ന് സാധാരണ വിവർത്തനം ചെയ്യപ്പെടുന്ന എബ്രായ പദം ഹേഡീസ്, ഗ്രീക്ക് പദം ഷീയോൾ എന്നിവ മനുഷ്യവർഗ്ഗത്തിന്റെ പൊതു ശവക്കുഴിയെ ആണ് അർത്ഥമാക്കുന്നതെന്ന് വിശ്വസിക്കുന്നു

 യഹോവയുടെ സാക്ഷികൾ ആത്മാവിനെ ജീവശക്തിയായ് അല്ലെങ്കിൽ മരിക്കാൻ കഴിയുന്ന ഒരു ജീവശരീരമായി പഠിപ്പിക്കുന്നു. എന്നാൽ ദൈവരാജ്യത്തിൻ കീഴിൽ നീതിമാന്മാരുടെയും, നീതികെട്ടവരുടെയും (ദൈവത്തെ അറിയാൻ അവസരം കിട്ടാതെ മരിചുപോയ നല്ല മനുഷ്യർ) പുനരുത്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നു. സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടുകൂടെ ഭരിക്കാൻ ദൈവം തിരഞ്ഞെടുത്ത കുറച്ചുപേർ മാത്രമെ പോകുകയുള്ളുവെന്നും (അഭിഷിക്തർ), മറ്റുള്ള നല്ലവർ ഭുമിയിലെ പറുദീസയിൽ എക്കാലവും ജീവിക്കും എന്നുമുള്ള വിശ്വാസമാണ് ഇവർക്കുള്ളത്.

  
വാച്ച്ടവർ സൊസൈറ്റിയുടെ പ്രസീദ്ധീകരണങ്ങൾ മനുഷ്യവർഗ്ഗം പാപപൂർണ്ണമായ അവസ്ഥയിലാണെന്നും, ഇതിൽ നിന്നുള്ള മോചനം യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിലൂടെ അതായത് മറുവിലയിലൂടെ മാത്രമെ സാധിക്കുകയുള്ളൂ എന്നും പറയുന്നു.വെളിപ്പാട് പതിനാലാം അദ്ധ്യായത്തിൽ നിന്നും മറ്റു ചില വാക്യങ്ങളിൽ നിന്നും ബൈബിളധിഷഠിതമെന്ന് ഇവർ പറയുന്ന വ്യാഖ്യാനമനുസരിച്ച്, ദൈവം തിരഞ്ഞെടുക്കുന്ന 1,44,000 ക്രിസ്ത്യാനികൾ മാത്രമെ യേശുവിനോട് കൂടെ ദൈവരാജ്യത്തിൽ ഭൂമിയെ ഭരിക്കാൻ സ്വർഗ്ഗത്തിലേക്ക് മരണാനന്തരം ആത്മശരീരത്തിൽ എടുക്കപ്പെടുകയുള്ളു എന്ന് പഠിപ്പിക്കുന്നു. മറ്റുള്ളവർക്ക് ഭുമിയിലെ പറുദീസയിൽ എക്കാലവും ജീവിക്കാനുള്ള പ്രത്യാശയാണുള്ളതെന്ന് പഠിപ്പിക്കുന്നു  
  

അങ്ങനെ, ദൈവം രക്ഷിക്കുന്ന ഒരു ചെറിയകൂട്ടത്തിന് (1,44,000 അഭിഷിക്തർക്ക് അല്ലെങ്കിൽ ചെറിയാട്ടിൻകൂട്ടത്തിന്) സ്വർഗ്ഗവും, മറ്റുള്ള ഒരു മഹാപുരുഷാരത്തിന് ഭൂമിയുമാണ് വാസസ്ഥലം എന്ന് പഠിപ്പിക്കുന്നു. യഹോവയുടെ സാക്ഷികൾക്ക് മാത്രമെ അർമ്മഗദോനെ അതിജീവിക്കാൻ തിരുവെഴുത്തുപരമായ കാരണം ഉള്ളു എന്നും,എന്നാൽ, മറ്റുള്ളവരുടെ കാര്യത്തിൽ ദൈവം നീതി നടപ്പാക്കുമെന്നും പഠിപ്പിക്കുന്നു.യേശുവിന്റെ 1000 വർഷ ഭരണത്തിൻ കീഴിൽ അർമ്മഗദോനു മുമ്പുള്ളവർ തുടങ്ങി, ഹാബേൽ വരെ ജീവിച്ച മിക്ക നല്ല ആളുകളും പുനരുത്ഥാനം പ്രാപിക്കുമെന്നും, തുടർന്ന് ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കേണ്ടവിധം അവരെ പഠിപ്പിക്കുമെന്നും ഇവർ വിശ്വസിക്കുന്നു. 1000 വർഷത്തിന്റെ അവസാനം തടങ്കലിൽ നിന്ന് സാത്താനെ അഴിച്ചവിടുമ്പോൾ, സാത്താനിൽ നിന്നുള്ള അന്തിമ പരീക്ഷണം ഇവർ നേരിട്ട ശേഷം, വിജയകരമായി തരണം ചെയ്യുന്നവർക്ക് ഭൂമിയിലെ പറുദീസയിൽ എക്കാലവും ജീവിക്കാനാകും എന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.
 
  
ദൈവരാജ്യം ഒരു യഥാർഥ ഭരണകൂടം ആണെന്നും സ്വർഗ്ഗത്തിലിരുന്ന് ക്രിസ്തുവും, ഭുമിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,44,000 വിശുദ്ധന്മാരും ഭുമിയെ ഭരിക്കുമെന്നും പഠിപ്പിക്കുന്നു.
ഈ ഭരണത്തിലൂടെ ഭുമിയിൽ മനുഷ്യർ സന്തോഷത്തോടെ എക്കാലവും ജീവിക്കണമെന്ന ദൈവത്തിന്റെ ആദിമ ഉദ്ദേശം സാക്ഷാത്കരിക്കപ്പെടുമെന്നും അങ്ങനെ ഭൂമി വീണ്ടും മരണമോ രോഗമോ ഇല്ലാത്ത ഒരു പറുദീസയായി മാറപ്പെടുമെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു .

യേശു ഭുമിയിലായിരുന്നപ്പോൾ പഠിപ്പിച്ച ദൈവരാജ്യത്തെ ഇവരുടെ പഠിപ്പിക്കലിന്റെ കേന്ദ്രബിന്ദുവാക്കുകയും, തങ്ങൾ കണക്കാക്കുന്ന ബൈബിൾ കാലക്കണക്ക് പ്രകാരം 1914-ൽ അത് സ്വർഗ്ഗത്തിൽ സ്ഥാപിതമായെന്നും പഠിപ്പിക്കുന്നു. ക്രിസ്തുവിനു മുമ്പ് 607-ൽ (ഇവർ കൂട്ടിയ കാലക്കണക്കുപ്രകാരം) യെരുശലേം ബാബിലോണിയരാൽ നശിക്കപ്പിക്കപ്പെട്ടത് തുടങ്ങി 2520 വർഷങ്ങൾ കൂട്ടുമ്പോൾ ക്രിസ്തുവിനു ശേഷം 1914 എന്ന വർഷത്തിൽ "അവകാശിയായവൻ വരുവോളം ജാതികൾ യെരുശലേം ചവിട്ടികളയും" എന്ന പ്രവചനത്തിന്റെ പാരമ്യം സംഭവിച്ചു എന്നും ഇവർ പഠിപ്പിക്കുന്നു. അങ്ങനെ 1914-ൽ ദൈവരാജ്യം സ്വർഗ്ഗത്തിൽ സ്ഥാപിതമയെന്നും തുടർന്ന് ഉടനെ തന്നെ ഭൂമിയിൽ സ്ഥാപിതമാകുമെന്നും ഇവർ വിശ്വസിക്കുന്നു
 ഈ ലോകം അല്ലെങ്കിൽ ഈ "വ്യവസ്ഥിതി" 1914-ൽ അന്ത്യനാളിലേക്ക് കാലെടുത്തുവച്ചുകഴിഞ്ഞു എന്നും അതുകൊണ്ട് യഹോവയുടെയും, യേശുക്രിസ്തുവിന്റെയും പ്രവൃത്തിയുടെ ഫലമായി ഉടനടി ഒരു വൻ നാശത്തിലൂടെ ഈ ലോകത്തിലെ ഭരണങ്ങളെയും, വ്യാജമതങ്ങളെയും നീക്കികൊണ്ട് ദൈവത്തിനു സ്വീകാര്യമായ വിധത്തിൽ ആരാധിക്കുന്നവർക്ക് ഒരു വിമോചനം ഉണ്ടാകും എന്നും യഹോവയുടെ സാക്ഷികൾ പ്രധാനമായി വിശ്വസിക്കുന്നു

 മറ്റെല്ലാ മതങ്ങളെയും വെളിപ്പാട് പുസ്തകം 17-അം അദ്ധ്യായത്തിലെ "വ്യാജ മത ലോക സാമ്രാജ്യമായ മഹാബാബിലോൺ" അല്ലെങ്കിൽ സാത്താൻ ഭരിക്കുന്ന ഈ ലോക രാഷ്ട്രങ്ങൾക്കു പിന്തുണ നൽകുന്ന ഒരു ആലങ്കാരിക "മഹാവേശ്യ"എന്ന് വിലയിരുത്തികൊണ്ട് അവ വ്യാജമതങ്ങൾ ആണെന്ന് വ്യാഖ്യാനിക്കുന്നു. അതുകൊണ്ട് ലോകത്തിൽ നിന്ന് പീഡനവും, വിദ്വേഷവും യഹോവയുടെ സാക്ഷികൾ പ്രതീക്ഷിക്കണം എന്ന് പഠിപ്പിക്കുന്നു. ഉടനെ തന്നെ വ്യാജമതങ്ങൾ ഐക്യരാഷ്ട്ര സംഘടനയുടെ നീക്കത്താൽ നശിപ്പിക്കപ്പെടുമെന്നും, അതെ തുടർന്ന് "മഹോപദ്രവം" പൊട്ടിപ്പുറപ്പെടുമെന്നും യഹോവയുടെ സാക്ഷികൾ കരുതുന്നു

 മഹോപദ്രവത്തിന്റെ അവസാനം സാത്താൻ യഹോവയുടെ സാക്ഷികൾക്ക് നേരെ തിരിയുമെന്നും, അത് ദൈവത്തിന്റെ ഇടപെടലിലൂടെ അർമ്മഗദോനിലേക്ക് നയിക്കുമെന്നും പറയുന്നു. അർമ്മഗദോനിൽ എല്ലാ ലോകഭരണാധികാരികളെയും, ക്രിസ്തുവിന്റെ "യഥാർത്ഥ ഇടയന്മാർ" അല്ലാത്തവരെ അതായത് യഥാർത്ഥ അനുഗാമികൾ അല്ലാത്തവരെയും ദൈവം നശിപ്പിക്കുമെന്ന് പഠിപ്പിക്കുന്നു. അതിനു ശേഷം ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യം ഭൂമിയുടെ ഭരണം എറ്റെടുക്കുമെന്നും തുടർന്ന് ഭൂമി ആദിമ എദൻ തോട്ടം പോലെ മനോഹരമായ ഒരു പറുദീസയായി തീരുമെന്നും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.

  അർമ്മഗദോന് ശേഷം ദൈവത്തിന്റെ ഇടപെടലിനു മുൻപെ മരിച്ച് പോയ ദുഷ്ടരല്ലാത്ത വ്യക്തികൾ ആയിരം വർഷം[89] നീണ്ട് നിൽക്കുന്ന ഒരു ന്യായവിധിക്കായി കാലക്രമേണ പുനരുത്ഥാനം പ്രാപിക്കുമെന്ന് പഠിപ്പിക്കപ്പെടുന്നു. ഇവരുടെ ന്യായവിധി പഴയ പ്രവൃത്തികളുടെ അടിസ്ഥാനത്തിലായിരിക്കില്ല,[90] മറിച്ച് അപ്പോഴത്തെ പ്രവൃത്തികളെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്ന് യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്നു. ആയിരം വർഷത്തിന്റെ അവസാനം സാത്താനെ മനുഷ്യവർഗ്ഗത്തിന്റെ അന്തിമ പരിശോധനയ്ക്കായി വീണ്ടും അഴിച്ച് വിടുമെന്നും, ഇത് പരിശോധിച്ച് മഹത്ത്വീകരിക്കപ്പെട്ട ഒരു മനുഷ്യവർഗ്ഗത്തിന് വഴിതെളിയിക്കുമെന്ന് പഠിപ്പിക്കുന്നു. അതിന്റെ ശേഷം സാത്താനെ നശിപ്പിക്കുമെന്നും, അങ്ങനെ യേശു രാജ്യം പിതാവായ ദൈവത്തിന് തിരിച്ചേല്പ്പിച്ച് മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാര ദൗത്യം പൂർത്തിയാക്കി പിതാവിനു കീഴടങ്ങിയിരിക്കുമെന്ന് യഹോവയുടെ സാക്ഷികൾ കരുതുന്നു.

 വാച്ച് ടവർ പ്രസിദ്ധീകരണങ്ങൾ അനുസരിച്ച് യേശു 1914 ഒക്ടോബർ മുതൽ അദൃശ്യമായി തിരിച്ചു വരവു നടത്തികഴിഞ്ഞു എന്നും, തുടർന്ന് സ്വർഗ്ഗത്തിൽ ഭരണം ആരംഭിച്ചതായും പഠിപ്പിക്കുന്നു. അതിനുശേഷം സാത്തനെ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേയ്ക്ക് തള്ളിയിട്ടതിനാൽ, സാത്താൻ തനിക്കല്പസമയം മാത്രമെ ശേഷിച്ചിരിക്കുന്നുള്ളൂ എന്നറിയാവുന്നതിനാൽ ഭൂമിക്കും അതിലെ യഥാർത്ഥ ക്രിസ്തീയ ദൈവദാസരെയും നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതായി വിശ്വസിക്കുന്നു

 വരവ്വ് എന്ന് സാധാരണ തർജ്ജമ ചെയ്യപെടുന്ന "പറൂസിയ" എന്ന ഗ്രീക്ക് പദത്തെ, കൃത്യമായി "സാന്നിധ്യം" എന്ന് യഹോവയുടെ സാക്ഷികൾ പരിഭാഷപ്പെടുത്തുന്നു. അതായത് യേശുവിന്റെ തിരിച്ചുവരവ് അടയാള പരമ്പരകളാൽ മനസ്സിലാക്കാം എന്ന് പഠിപ്പിക്കുന്നു. അതുകൊണ്ട് രണ്ടാംവരവ് 1914 മുതൽ കുറച്ച് കാലം നിലനിൽക്കുന്ന ഒരു അദൃശ്യ സാന്നിധ്യം ആണെന്നും ഉടനെ തന്നെ അത് അർമ്മഗ്ദോനിൽ പൂർണ്ണമായി ദൃശ്യമാക്കപ്പെടുമെന്നും പഠിപ്പിക്കുന്നു

 പരമ്പരാഗത ക്രൈസ്തവരിൽ നിന്നു വ്യത്യസ്തരായി വളരെ വിഭിന്നമായ ആരാധനാരീതിയാണ് യഹോവയുടെ സാക്ഷികൾ പിൻപറ്റുന്നത്. ഇവരുടെ വിശ്വസം ബൈബിളിൽ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിനാൽ ഇവർ പരമ്പരാഗത കിഴ്‌വഴക്കങ്ങളെ എതിർക്കുന്നു. ബൈബിളിനെ കുറിച്ചും, വിശ്വാസത്തെ കുറിച്ചും അംഗങ്ങളെ പഠിപ്പിക്കുന്നത് ഇവരുടെ ആരാധനയുടെ മുഖ്യഘടകമാണ്.

  യഹോവയുടെ സാക്ഷികൾ തങ്ങളുടെ ആരാധനാലയങ്ങളെ രാജ്യഹാൾ എന്നാണ് വിളിക്കുന്നത്. വിഗ്രഹാരാധന തെറ്റാണെന്ന് പഠിപ്പിക്കുതിനാൽ രാജ്യഹാളിൽ യാതൊരുവിധ വിഗ്രഹങ്ങളോ, അടയാളങ്ങളൊ ഉണ്ടാവില്ല. അംഗങ്ങളെ ബൈബിൾ പഠിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി ഇവർ ലോകമെമ്പാടുമായി ഒരേ തരത്തിലുള്ള പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നു

 ആഴ്ചയിൽ അഞ്ച് പരിപാടികൾക്കായി ഇവർ രണ്ട് ദിവസം കൂടിവരുന്നു. ആരാധന പ്രാർത്ഥനയും, ഗീതാലാപനത്തൊടും കൂടി തുടങ്ങി ഗീതാലാപനത്തൊടും, പ്രാർത്ഥനയൊടും കൂടി അവസാനിക്കുന്നു. ഒരു കൂട്ടം ആരാധനാലയങ്ങൾ ചേർന്ന് ഒരു സർക്കീട്ട് രൂപീകരിക്കുന്നു. വർഷംതോറും രണ്ട് സർക്കിട്ട് സമ്മേളനങ്ങൾ നടത്തുന്നു. കൂടാതെ പല സർക്കീട്ടുകൾ ചേർന്ന് ഒരു ഡിസ്ട്രിക്റ്റ് കൺവൻഷനും വർഷം തോറും നടത്തുന്നു. ചില വർഷങ്ങളിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ അന്താരാഷ്ട്ര കൺവൻഷനും നടത്തുന്നു. ബൈബിൾ പഠിപ്പിക്കുകയ്യും, ഐക്യം കാത്തുസൂക്ഷിക്കുകയുമാണ് ലക്ഷ്യം. പരിപാടികൾ രാജ്യഹാളിനുള്ളിൽ മാത്രം കേൾക്കാവുന്ന വിധത്തിൽ ശബ്ദം സജ്ജികരിച്ചിരിക്കുന്നു. അത്ഭുത രോഗശാന്തിപോളുള്ളവ അദിമ ക്രിസ്ത്യാനിത്തത്തോടു കൂടി അവസാനിച്ചു എന്ന് വിശ്വസിക്കുന്നതിനാൽ അത് പിൻപറ്റുന്നില്ല. ഒരോ വ്യക്തികളും പഠിച്ച് തിരുവെഴുത്തുപരമായ യോഗ്യത നേടിയശേഷം മാത്രമെ, സ്വയമനസ്സാലെ ദൈവഹിതപ്രകാരം ജീവിക്കാം എന്നതിന്റെ പരസ്യപ്രഖ്യാപനമായി ജലസ്നാനപ്പെടുത്തുന്നുള്ളു. ഇവരുടെ ഒരെയൊരു വാർഷിക ആചരണം കർത്താവിന്റെ സമാരകം മാത്രമാണ്

 യഹോവയുടെ സാക്ഷികൾ സുവാർത്ത പ്രസംഗത്തിനു പേരുകേട്ടവരാണ്, പ്രത്യേകിച്ച് വീടുതോറുമുള്ള പ്രവർത്തനത്തിന്. ജാതി, മത, സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാവരെയും കണ്ട് ദൈവരാജ്യം ഉടനെ ഭൂമിയിൽ വരുമെന്നുള്ള ശുഭവാർത്ത ഉദ്ഘോഷിക്കുന്നു. തങ്ങളുടെ വിശ്വാസത്തിൽ താൽപര്യം കാണിക്കുന്നവർക്ക് ഇവർ സൗജന്യ ഭവന ബൈബിൾ അദ്ധ്യായനങ്ങൾ നടത്തുന്നു. ഇതിനായി അവർ പുസ്തകങ്ങളും, ലഘുപത്രികകളും, മാസികകളും (വീക്ഷാഗോപുരം ഉൾപ്പെടെ) ഉപയോഗിക്കുന്നു. ചില പ്രസിദ്ധീകരണങ്ങൾ 600-ൽ അധികം ഭാഷകളിൽ ലഭ്യമാണ്. പരസ്യ പ്രസംഗവേലയിൽ ഏർപ്പെടാനുള്ള ബൈബിൾ കല്പനയിൻ കീഴിലാണെന്നും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന വേലയാണ് തങ്ങൾ ചെയ്യുന്നതെന്നും അവർ വിശ്വസിക്കുന്നു. സുവിശേഷിക്കൽ വേല ആരാധനയുടെ ഭാഗമാണെന്ന് അവർ പഠിപ്പിക്കുന്നു. തങ്ങളാൽ ആവുന്നത്ര വിധത്തിൽ സുവാർത്ത പ്രസംഗിക്കുന്നതിന് സമയം ചെലവഴിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ സ്നാനമേറ്റ പ്രസാദകർ തങ്ങൾ പ്രവർത്തിച്ചതിന്റെ റിപ്പോർട്ട് നൽകുകയും ചെയ്യേണ്ടതാണ്. സ്നാനമേറ്റ പ്രസാദകരിൽ എല്ലാ മാസവും റിപ്പോർട്ട് നൽകാത്തവരെ ക്രമമില്ലാത്തവരായി കരുതുകയും, അവരെ മൂപ്പന്മാർ സന്ദർശിച്ച് ബുദ്ധിയുപദേശം നൽകുകയും ചെയ്യുന്നു. ആറ് മാസമായി റിപ്പോർട്ട് നൽകാത്തവരെ നിഷ്ക്രിയരായി കരുതുന്നു
 ധാർമ്മികതയെകുറിച്ചുള്ള ഇവരുടെ വീക്ഷണം യാഥാസ്ഥിതിക ക്രിസ്തീയ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നു. വിവാഹത്തിനു പുറത്തുള്ള എല്ലാവിധ ലൈംഗികതയും അനുതാപമില്ലെങ്കിൽ സഭയിൽ നിന്ന് നീക്കപ്പെടാൻ (പുറത്താക്കപ്പെടാൻ) ഉള്ള കാരണമാണ്. ഗർഭഛിദ്രം കൊലപാതകമായി പഠിപ്പിക്കുന്നു. വസ്ത്രധാരണത്തിന്റെയും, ചമയത്തിന്റെയും കാര്യത്തിൽ മാന്യത കാണിക്കാൻ കൂടെകൂടെ പ്രോൽസാഹിപ്പിക്കപ്പെടുന്നു. ചൂതാട്ടത്തിലേർപ്പെടുന്നത് അത്യാഗ്രഹമായി കരുതുന്നു. മയക്കുമരുന്നിന്റെ ദുർവിനിയോഗം, അടയ്ക്ക, വെറ്റില, പാക്ക്, പുകയില എന്നിവ പോലെയുള്ള ശരീരത്തിന് ഹാനിവരുത്തുന്ന എന്തും നിരോധിച്ചിരിക്കുന്നു.എന്നാൽ മിതമായ മദ്യപാനം അനുവദിച്ചിരിക്കുന്നു.

 കുടുംബത്തിൽ ഭർത്താവാണ് ശിരസ്ഥാനം വഹിക്കുന്നത്. ഭർത്താവിനാണ് കുടുംബത്തിലെ തിരുമാനങ്ങൾക്ക് പരമാധികാരം നൽകിയിരിക്കുന്നത്; എന്നാൽ ഭാര്യയുടെയും കുട്ടികളുടെയും അഭിപ്രായങ്ങൾക്കും, വികാരത്തിനും ആദരവ് നൽകി തീരുമാനമെടുക്കാൻ പ്രോൽസാഹിപ്പിച്ചിരിക്കുന്നു. ഏക ഭാര്യത്വം മാത്രം അനുവദിച്ചിരിക്കുന്നു.പരസംഗത്തെ മാത്രം വിവാഹമോചനത്തിനുള്ള കാരണമായി അംഗികരിച്ചിരിക്കുന്നു; ഇത് മാത്രമെ തിരുവെഴുത്തുപരമായ വിവാഹ മോചനമായി കരുതുന്നുള്ളു. മറ്റെന്തെങ്കിലും കാരണങ്ങൾക്ക് വിവാഹമോചനം നടത്തിയാൽ, മുൻ ഇണ മറ്റാരുമായും ലൈംഗികതയിൽ ഏർപ്പെടാതെ ജീവിച്ചിരിക്കുമ്പോൾ പുനർവിവാഹം നടത്തുകയാണെങ്കിൽ അത് വ്യഭിചാരമായി കരുതുന്നു. അങ്ങേയറ്റത്തെ ശാരീരിക പീഡനം, മനഃപ്പൂർവ്വം സ്വന്തം കുടുംബത്തിനു ആവശ്യമായ കാര്യങ്ങൾ ചെയ്യാതിരിക്കൽ, വിശ്വാസം പറയുന്ന "തങ്ങളുടെ ആത്മീയതയ്ക്ക് ഹാനിവരുത്തുന്ന എത് കാരണത്തിനും" നിയമപരമായ വിവാഹമോചനത്തിനുള്ള കാരണമായി അനുവദിച്ചിരിക്കുന്നു. വിവാഹം വിശ്വാസികളുമായി മാത്രം നടത്താനും, നിയമപരമായി റെജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടിരിക്കുന്നു.

 അച്ചടക്ക നടപടികൾ സഭയിലെ മൂപ്പൻമാർ നടത്തുന്നു. ഉപദേശിക്കുന്നതും, ഇടയസന്ദർശനം നടത്തുന്നതും മൂപ്പന്മാരുടെ പ്രധാന ഉത്തരവാദിത്വമായി പഠിപ്പിക്കുന്നു. പഠിച്ച് ജലസ്നാനത്തിനു ശേഷം ഒരംഗം ഗുരുതരമായ പാപത്തിൽ ഏർപ്പെട്ടതായി ആരോപണവിധേയനായാൽ, അയാളെ സഹായിക്കാനും, ആരോപണം അന്വേഷിക്കാനും മൂപ്പന്മാരുടെ നേതൃത്വത്തിൽ ഒരു നീതിന്യായകമ്മിറ്റി രൂപീകരിക്കുന്നു. അനുതാപം ഇല്ലതെ പാപം ചെയ്താൽ അങ്ങേയറ്റത്തെ നടപടിയായി സഭ അംഗത്വത്തിൽ നിന്ന് കാരണം പരസ്യപ്പെടുത്താതെ നീക്കം ചെയ്യപ്പെട്ടതായി അറിയിക്കുന്നു. നീക്കപ്പെട്ടവരുമായി സഹവസിക്കുന്നത് ഒരെ ഭവനത്തിൽ താമസിക്കുന്ന അടുത്ത ബന്ധുക്കൾക്കും, ഇവരെ തിരിച്ചുവരാൻ പ്രേരിപ്പിക്കാൻ സന്ദർശിക്കുന്ന മൂപ്പന്മാർക്കും മാത്രം അനുവദിച്ചിരിക്കുന്നു. നീക്കപ്പെട്ടവരുമായി എന്തെങ്കിലും സാമ്പത്തീക ഇടപാട് ഉണ്ടായിരുന്നെങ്കിൽ അത് തുടരാൻ അനുവദിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിനാൽ അത് തെറ്റിന്റെ ഗൗരവം മനസ്സിലാക്കാനും അനുതപിക്കാനും തെറ്റു ചെയ്ത വ്യക്തിയെ പ്രേരിപ്പിക്കുമെന്നും അങ്ങനെ സഭയുടെ ശുദ്ധി കാത്തുസുക്ഷിക്കാനാകുമെന്നും പഠിപ്പിക്കുന്നു. ഇത് മറ്റ് സഭാംഗങ്ങളെ തെറ്റ് ചെയ്യുന്നതിൽ നിന്ന് അകലാനും പ്രേരിപ്പിക്കുമെന്ന് പഠിപ്പിക്കുന്നു. 1960 മുതൽ 1970 വരെയുള്ള കണക്കു പ്രകാരം പുറത്താക്കപ്പെട്ടവരിൽ 40 ശതമാനം വ്യക്തികളെ പിന്നീട് തിരിച്ചെടുത്തതായി സൂചിപ്പിക്കുന്നു. ഔദ്യോദികമായ ഒരു കത്തിലുടെ സംഘടനയെ സ്വമേധയാ വിട്ടു പോകുന്നവരെയും നീക്കിയതായി അറിയിക്കുന്നു.ഗൗരവതരമായ ഒരു തെറ്റ് ചെയ്തിട്ട് അനുതാപം കാണിക്കുന്ന ഒരു അംഗത്തെ നീതിന്യായകമ്മിറ്റിയുടെ ശാസനയുടെ കീഴിലാണെന്ന് അറിയിക്കുന്നു, ഇവർക്ക് സഭയിൽ എന്തെങ്കിലും പദവിയുണ്ടായിരുന്നെങ്കിൽ അതിൽ നിന്ന് കുറച്ച് കാലത്തേക്ക് നീക്കുന്നു, എന്നാൽ മറ്റുള്ളവരുമായി സഹവസിക്കുന്നത് അനുവദിച്ചിരിക്കുന്നു.സ്നാപനമേറ്റ ഒരു പ്രസാധകൻ ഗൗരവതരമല്ലാത്ത ഒരു തെറ്റ് തുടരുകയാണെങ്കിൽ രണ്ട് മൂപ്പന്മാർ അയാളെ സന്ദർശിച്ച് (1 തെസ്സലോനിക്കർ 3:14-ന്റെ ഇവരുടെ വ്യാഖ്യാനമനുസരിച്ച്) തെറ്റ് തിരുത്താൻ ബുദ്ധിയുപദേശിക്കുന്നു. വീണ്ടും അത് തുടരുകയാണെങ്കിൽ അയാളെ നോട്ടപുള്ളിയായി കണക്കാക്കി ഈ തെറ്റിനെ പറ്റി അറിയാവുന്ന മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുന്നു. ഇയാളുമായി അടുത്ത് ഇടപഴകുന്നത് നിരോധിച്ചിരിക്കുന്നു, എന്നിരുന്നാലും അത്മീയകാര്യങ്ങൾ സംസാരിക്കാൻ അനുവദിച്ചിരിക്കുന്നു. ഇത് അയാളെ പിന്തിരിയാൻ പ്രേരിപ്പിക്കുമെന്ന് പഠിപ്പിക്കുന്നു

 ആരാധനയുടെ ഭാഗമായി ഒരോ ആഴച്ചയും, "ദിവ്യാദിപത്യ ശുശ്രുഷ സ്കൂൾ" എന്ന ഒരു പരിപാടി ലോകവ്യാപകമായി ഒരേ ലക്ഷ്യത്തിൽ നടത്തപെടുന്നു. സഭയിലെ എല്ലാ പുരുഷന്മാർക്കും പ്രസംഗിക്കാനുള്ള പരിശീലനമാണ് ഇതിലുടെ നൽകപെടുന്നത്. സ്ത്രീകൾക്ക് വീടുതോറുമുള്ള പ്രവർത്തനത്തിനുള്ള പരിശീലനം നൽകുന്നു. താല്പര്യക്കാരെ ബൈബിൾ പഠിപ്പിക്കാനും രാജ്യഹാൾ ഉപയോഗിക്കാറുണ്ട്. കൂടാതെ ഭാഷാഞാനം കുറവായ സ്ഥലങ്ങളിൽ താല്പര്യക്കാരെയും അംഗങ്ങളെയും ഭാഷ പഠിപ്പിക്കാനും ഉപയോഗിക്കപെടുന്നു

  യഹോവയുടെ സാക്ഷികൾ ദൈവത്തിൽ നിന്ന് ഒരു സത്യമേ ഉണ്ടാകൂ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ, ബൈബിൾ വിശ്വാസത്തെ കൂട്ടിക്കുഴയ്ക്കുന്നത് തടയുന്നതായി പഠിപ്പിക്കുന്നു. ആയതിനാൽ ഇവർ മിശ്രവിശ്വാസത്തിലും മറ്റ് സമാന സംഘടനകളിലും, പ്രവർത്തനത്തിലും പങ്കുചേരുന്നില്ല. അവരുടെ വിശ്വാസം മാത്രമാണ് സത്യം എന്ന് കരുതുന്നു, അതുകൊണ്ട് ബൈബിളിൽ ദൈവം വച്ചിരിക്കുന്ന നിലവാരത്തിന് ചേർച്ചയിൽ പോകാത്ത എല്ലാ മതങ്ങളും ഉടനെ തന്നെ ദിവ്യ ഇടപെടലിലൂടെ നശിപ്പിക്കപ്പെടുമെന്ന് ഇവർ പഠിപ്പിക്കുന്നു. ലോകത്തിൽ നിന്ന് വേർപെട്ടിരിക്കുന്നത് വളരെ പ്രധാനമാണെന്ന് ഇവർ പഠിപ്പിക്കുന്നു. ഇവരുടെ പ്രസിദ്ധീകരണങ്ങൾ ലോകം ദൈവത്തിൽ നിന്ന് അന്യപെട്ട ഒരു മനുഷ്യവർഗ്ഗമാണെന്നും, ലോകത്തെ സാത്താനാണ് അദൃശ്യമായി ഭരിക്കുന്നതെന്നും, അതുകൊണ്ട് ലോകം അപകടം പിടിച്ചതാണെന്നും പഠിപ്പിക്കുന്നു. ലോകത്തിൽ നിന്നുള്ള മോശമായ സ്വാധീനങ്ങൾക്ക് വഴിപെട്ട് പോകാതിരിക്കാനും, തങ്ങളുടെ ഉന്നതമായ ധാർമ്മിക നിലവാരം കാത്തുസൂക്ഷിക്കാനും, വിശ്വാസികളല്ലാത്തവരുമായി അടുത്ത് സഹവസിക്കുന്നത് നിരുൽസാഹപ്പെടുത്തുന്നു

 യഹോവയുടെ സാക്ഷികൾ തങ്ങളുടെ ഏറ്റവും വലിയ കൂറ് യേശുരാജാവായി ഭരിക്കുന്ന ദൈവരാജ്യത്തോട് ആയിരിക്കണമെന്നും, അത് ഒരു യഥാർത്ഥ ഭരണകൂടം ആണെന്നും വിശ്വസിക്കുന്നു. അംഗങ്ങൾ സാമൂഹിക മുന്നേറ്റ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെങ്കിലും, ഇവർ രാഷ്ട്രീയപരമായി നിഷ്പക്ഷത പുലർത്തുന്നു; ആയതിനാൽ വോട്ടിടുന്നത് നിരുൽസാഹപ്പെടുത്തിയിരിക്കുന്നു

 മതപരമായ ഒഴിവ് ദിവസാഘോഷത്തിൽ നിന്നും, ജന്മദിനം പോലെ ഇവർ പുറജാതിയ ഉദ്ഭവം എന്ന് കരുതുന്ന എല്ലാ ആചാരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നു. അവർ സൈനികസേവനം നടത്തുന്നില്ല, അതുമായി ബന്ധപ്പെട്ട ഒരു ജോലികളും ഏർപ്പെടുന്നില്ല, സായുധസേനകളിലും പങ്കുപറ്റുന്നില്ല. ഇത് പല രാജ്യങ്ങളിലും ഇവരെ അറസ്റ്റ് ചെയ്യുന്നതിനും തടങ്കലിലാക്കുന്നതിനും കാരണമായിരിക്കുന്നു. ഇവർ ദേശീയ പതാകയെ വന്ദിക്കുകയോ, ദേശീയഗാനം പാടുകയോ, മറ്റെന്തെങ്കിലും ദേശഭക്തിപരമായ സംഗതികളിൽ ഏർപ്പെടുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും "കൈസർക്കുള്ളത് കൈസർക്കും, ദൈവത്തിനുള്ളത് ദൈവത്തിനും" എന്ന തിരുവെഴുത്തിന്റെ ഇവരുടെ വ്യഖ്യാനമനുസരിച്ച് കരമടയ്ക്കുന്നതിലും, മറ്റ് ഗവണ്മെന്റ് നിയമങ്ങൾക്കും സത്യസന്ധ്യരായിരിക്കാൻ പഠിപ്പിക്കുന്നു. യഹോവയുടെ സാക്ഷികൾ തങ്ങളെ ദേശീയമോ വർഗ്ഗീയമോ ആയ വ്യത്യാസമില്ലാത്ത ഒരു ആഗോള സഹോദരവർഗ്ഗത്തിന്റെ ഭാഗമായി കണക്കാക്കുന്നു

യഹോവയുടെ സാക്ഷികളുടെ വിശ്വാസമനുസരിച്ച് അവർ രക്തം സ്വീകരിക്കില്ല. രക്തം പവിത്രമാണെന്നും അത് സ്വീകരിക്കുന്നത് ദൈവകല്പനയുടെ നേരിട്ടുള്ള ലംഘനമാണെന്നും പ്രവർത്തികൾ 15:28,29 എന്ന തിരുവെഴുത്തും മറ്റുചില തിരുവെഴുത്തുകളുടെയും അടിസ്ഥാനത്തിൽ ഇവർ പഠിപ്പിക്കുന്നു. ജീവന്മരണ സാഹചര്യങ്ങളിൽ പോലും ഇവർ രക്തം സ്വീകരിക്കില്ല. രക്തം സ്വീകരിക്കുന്നത് അനുതാപമില്ലെങ്കിൽ സഭയിൽ നിന്ന് നീക്കപ്പെടാനുള്ള കാരണമായും പഠിപ്പിക്കുന്നു. രക്തരഹിത ചികിൽസയും മറ്റ് ആധുനീക ചികിൽസകളും ഇവർ ഇതിന് പകരമായി സ്വീകരിക്കുന്നു

 യഹോവയുടെ സാക്ഷികൾ രക്തത്തിന്റെ ചില ഘടകാംശങ്ങൾ സ്വീകരിച്ചേക്കാമെങ്കിലും ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ, പ്ലാസ്‌മ എന്നീ പ്രധാന ഘടകങ്ങൾ സ്വീകരിക്കില്ല. പ്രധാന ഘടകങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകാംശങ്ങൾ സ്വീകരിക്കണമോ വേണ്ടയോ എന്നത് വ്യക്തിയുടെ മനസ്സാക്ഷിക്ക് തീരുമാനിക്കാൻ അനുവദിച്ചിരിക്കുന്നു. പ്രധാന ഘടകങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകാംശങ്ങൾ രക്തം അല്ല എന്ന് ചില അംഗങ്ങളുടെ മനസ്സാക്ഷിക്ക് തോന്നിയേക്കാം എന്നതിനാലാണ് ഇങ്ങനെ ചെയ്യപ്പെടുന്നത്. പ്രധാന ഘടകങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഘടകംശങ്ങളിൽ എതൊക്കെ സ്വീകരിക്കാം എന്നത് രേഖപ്പെടുത്തി കൈയിൽ എപ്പോഴും സൂക്ഷിക്കാനായി ഇവരുടെ സംഘടന ഒരു മുൻതയ്യാർ ചെയ്ത അവകാശകാർഡ് നൽകുന്നുണ്ട്. ആശുപത്രി അധികാരികളും അംഗങ്ങളിലെ രോഗികളുമായുള്ള ഇടപാടുകൾ തരപ്പെടുത്തുന്നതിന് ഇവർ "ആശുപത്രി ഏകോപന കമ്മിറ്റി" എന്ന ഒരു വിദഗ്ധരുടെ കൂട്ടത്തെ ലോകവ്യാപകമായി നിയോഗിച്ചിരിക്കുന്നു

 യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിലുടനീളം ഇവരുടെ വിശ്വാസം,പഠിപ്പിക്കലുകൾ, പ്രവർത്തനങ്ങൾ എന്നിവ ഗവണ്മെന്റുകളിൽനിന്നും, സമൂഹങ്ങളിൽനിന്നും, മറ്റ് മതങ്ങളിൽനിന്നും വലിയ ഏതിർപ്പും പീഡനങ്ങളും ഉണ്ടാകുന്നതിന് കാരണമായിരിക്കുന്നു. കെൻ ജുബ്ബർ ഇപ്രകാരം എഴുതി,"ആഗോളമായിട്ട് നോക്കുമ്പോൾ, ഇവർക്കെതിരെയുള്ള എതിർപ്പ് ഇത്രശക്തമായിട്ടുള്ള സ്ഥിതിക്ക് ഇരുപതാം നൂറ്റാണ്ടിൽ യഹോവയുടെ സാക്ഷികളെപോലെ എതിർപ്പും, പീഡനവും അനുഭവിക്കേണ്ടിവന്നിട്ടുള്ള മറ്റൊരു മതവും ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം
 മതപ്രേരിതമായും, രാഷ്ട്രീയപ്രേരിതമായും ഇവർക്കെതിരെയുള്ള നീക്കങ്ങളും അക്രമങ്ങളും മിക്ക രാജ്യങ്ങളിലും തന്നെ ഉണ്ടായിട്ടുണ്ട്. ഇവരുടെ പ്രവർത്തനങ്ങളും, പ്രസിദ്ധീകരണങ്ങളും ഇപ്പോഴും ചൈന, വിയറ്റ്നാം, ഇസ്ലാമിക രാജ്യങ്ങൾ തുടങ്ങിയവയിൽ നിരോധിച്ചിരിക്കുന്നു. കൂടാതെ പല രാജ്യങ്ങളിലും ഇവരുടെ അംഗങ്ങൾ ഇപ്പോഴും തടവിലാണ്

 യഹോവയുടെ സാക്ഷികൾ 1935 മുതൽ 1945 വരെ നാസി ജർമനിയിൽ സൈനിക സേവനം നടത്താതതു നിമിത്തം ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. 12,000-ത്തിൽ അധികം പേരെ തടങ്കൽ പാളയങ്ങളിലേക്ക് അയയ്ക്കുകയും, ഏകദേശം 2,500 പേരെ നേരിട്ട് വധിക്കുകയും, 5,000-തോളം പേരെ തടങ്കൽ പാളയങ്ങളിൽ വച്ച് കൊലപ്പെടുത്തിയതായും കണക്കാക്കപ്പെടുന്നു. ചരിത്രകാരനായ സിബിൽ മിൽട്ടൺ ഇപ്രകാരം പറഞ്ഞു, "ഇവരുടെ ധൈര്യവും, വിശ്വാസവും, സഹിഷ്ണുതയും നിമിത്തം നാസികളുടെ ക്രുരമായ ഏകാധിപത്യഭരണത്തിനു ഇവരുടെ മേൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല." അതിന് തെളിവെന്ന വിധത്തിൽ അന്ന് ജർമനിയിൽ കേവലം പതിനായിരം ആയിരുന്ന സാക്ഷികൾ ഇന്ന് 1,65,000 എണ്ണത്തിലധികമായി വർദ്ധിച്ചിരിക്കുന്നു. 2005-ലാണ് യഹോവയുടെ സാക്ഷികളെ ജർമനിയിൽ നിയമപരമായ മതമായി അംഗീകരിച്ചത്. സോവിയറ്റ് യൂണിയന്റെ കീഴിൽ 1950 ഏപ്രലിൽ അവിടെയുണ്ടായിരുന്ന 9000 യഹോവയുടെ സാക്ഷികളെയും വളരെ ശൈത്യകാലാവസ്ഥയുള്ള സൈബീരിയയിലെ തടങ്കൽ പാളയത്തിലേക്ക് നാടുകടത്തി.

 യഹോവയുടെ സാക്ഷികളുടെ നിരവധി കേസുകൾ ലോകവ്യാപകമായി പല രാജ്യങ്ങളുടെയും സുപ്രീം കോടതിയിൽ നടത്തപ്പെടുകയുണ്ടായി. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനും, ദേശഭക്തി കാട്ടാത്തതിനും, സൈനികസേവനം നടത്താത്തതിനും, രക്തം സ്വീകരിക്കാത്തതിനുമാണ് പ്രധാനമായും കേസുകൾ നടത്തപ്പെട്ടത്. യൂറോപ്യൻ മനുഷ്യാവകാശ കോടതിയുൾപ്പെടെ മിക്ക കോടതികളും ഇവർക്ക് പ്രവർത്തനം നടത്താനും മറ്റെല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടാനും അനുകൂലമായി വിധി പുറപ്പെടുവിക്കുകയുണ്ടായി. ഉദാഹരണത്തിന് അമേരിക്കൻ ഐക്യനാടുകളിലെ സുപ്രീം കോടതിയിൽ വീടുതോറുമുള്ള പ്രവർത്തനം, പതാകവന്ദനം, ദേശീയഗാനം തുടങ്ങിയവ ഉൾപ്പെടെ യഹോവയുടെ സാക്ഷികൾക്ക് നേരെ നടത്തപ്പെട്ട 73 കേസുകളിൽ 47 പ്രാവശ്യം സുപ്രധാന വിധികൾ ഇവർക്ക് അനുകൂലമായി പുറപ്പെടുവിക്കുകയുണ്ടായി

 കേരളത്തില്‍ 1985 ജുലൈയിൽ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയഗാനം പാടാത്തതിന്റെ പേരിൽ അവിടത്തെ ഡെപ്യൂട്ടി സ്കൂൾ ഇൻസ്പക്റ്റർ ചില യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ഒരു രക്ഷകർത്താവ് ഇതിനെതിരെ കേരള ഹൈഹോടതിയിൽ കേസിടുകയുണ്ടായി. എന്നാൽ കേരള ഹൈക്കോടതി ദേശീയഗാനം പാടാത്ത കുട്ടികളെ സ്കൂളിൽ പഠിപ്പിക്കണ്ട എന്ന് വിധിച്ചു.ഈ കേസ് സൂപ്രിം കോടതിയിൽ പരിഗണിച്ച പ്രത്യേകബഞ്ച് ഹൈക്കോടതിയെ നിശിതമായി വിമർശിക്കുകയും, പുറത്താക്കപ്പെട്ട യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും, യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികൾക്ക് ദേശീയഗാനം പാടാതെ സ്കൂളിൽ പഠിക്കാനുള്ള സജ്ജീകരണങ്ങൾ സർക്കാർ നടത്തണമെന്നും, കേസ് നടത്താൻ വിദ്യാർത്ഥികളുടെ രക്ഷകർത്താവിനായ തുക കേരള സർക്കാർ നൽകണമെന്നും വിധിച്ചു. നമ്മുടെ പാരമ്പര്യവും, തത്ത്വങ്ങളും , ഭരണഘടനയും നമ്മെ മതസഹിഷ്ണത പഠിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് വിധി അവസാനിപ്പിക്കുകയുണ്ടായി


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം