മക്കൾ വാഴ്ചയുടെ നിലനിൽപ്പു രാഷ്ട്രീയം



തൊട്ടിലിൽനിന്ന് സിംഹാസനത്തിലേയ്ക്ക്.. മക്കൾ വാഴ്ചയുടെ നിലനിൽപ്പു രാഷ്ട്രീയം Mathew Samuel | October 27, 2016 6:38 am
*************************************************************************************
ഇന്ന് നാരദ ന്യുസില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ് ഇത്

നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയക്കളികൾ മാത്രം പരിചയിച്ച വടക്കേ ഇന്ത്യയിൽ നിന്ന് മക്കൾ രാഷ്ട്രീയത്തിന്റെ കഥകളേ ഇപ്പോൾ കേൾക്കാനുളളൂ. എല്ലാ തലത്തിലും ഭാരതീയരുടെ ജീവിതത്തിന്‍റെ ഭാഗമായി മക്കൾ രാഷ്ട്രീയം മാറി. ആ രാഷ്ട്രീയവും അതിന്റെ ജനാധിപത്യരഹിതമായ രാഷ്ട്രീയ ദുരുദ്ദേശവും എങ്ങനെയാണ് വടക്കേ ഇന്ത്യയിൽ കടന്നുവരുന്നത്? സ്വന്തം അംഗരക്ഷകരാൽ കൊല്ലപ്പെട്ട ഇന്ദിരാഗാന്ധിയുടെ പിൻഗാമിയായി രാജീവ് അവരോധിക്കപ്പെടുന്നതിൽ നിന്നു തുടങ്ങുന്നു, ആ ചരിത്രം. ഇന്ദിരയുടെ മരണം സൃഷ്ടിച്ച സഹതാപതരംഗത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് രാജീവ് ഗാന്ധി അഞ്ചുവർഷം തികച്ചു രാജ്യം ഭരിച്ചത്.
എന്നാല്‍, ബൊഫോഴ്‌സ് വ്യാപാരകരാറില്‍ (സ്വീഡിഷ് തോക്ക് വ്യാപാരക്കരാര്‍) രാജീവ് ഗാന്ധിയുടെ അടിതെറ്റി. കോഴ വിഹിതം രാജീവ് ഗാന്ധി കൈപ്പറ്റിയെന്ന ആരോപണം മാൽഡ മുൻ രാജകുടുംബാംഗമായ വിശ്വനാഥ് പ്രതാപ് സിംഗിനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കി. രാജീവ് ഗാന്ധി മന്ത്രിസഭയിലെ ധനമന്ത്രിയും പിന്നീട് പ്രതിരോധമന്ത്രിയുമായിരുന്നു വി.പി.സിംഗ്. കോൺഗ്രസിൽ നിന്നും പുറത്താക്കിയ ഇദ്ദേഹത്തെ മുൻ നിരയിൽ നിർത്തി പ്രതിപക്ഷം കോണ്‍ഗ്രസിനെ പ്രതിരോധിച്ചു. ആ തന്ത്രത്തില്‍ കോൺഗ്രസ് നിലംപരിശായി. ഇടതുപക്ഷ പാർട്ടികളും ഭാരതീയ ജനതാപാർട്ടിയും, ‘ദേശീയസഖ്യ’ത്തിന്‍റെ നേതാവായ വിശ്വനാഥ് പ്രതാപ് സിംഗിനെ പ്രധാനമന്ത്രിയാക്കി. രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായി.
ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് ബിജെപി പാർലമെന്റിലും പുറത്തും രാമജന്മഭൂമി അജണ്ട പുറത്തെടുത്തു തുടങ്ങി. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ അധികാരത്തിൽ വരണമെങ്കിൽ വർഗീയവികാരം കുത്തിയിളക്കിയേ കഴിയൂ എന്നവര്‍ മനസിലാക്കിയിരുന്നു. രാമജന്മഭൂമി വിഷയത്തിൽ ഏറ്റവും കടുത്ത വിദ്വേഷ പ്രഭാഷണം നടത്തിയ നേതാക്കളുടെ ലിസ്റ്റ് എടുത്താൽ പിന്നോക്ക സമുദായക്കാരിയായ ഉമാഭാരതിയായിരിക്കും മുൻപന്തിയിൽ.
അവരുടെ ലക്ഷ്യം ഇതായിരുന്നു. ശ്രീരാമഭഗവാന്‍റെ ജന്മപ്രദേശത്തിനായി ഹൈന്ദവരെല്ലാം ഒന്നായി അണിചേരുക. എങ്ങനെയും ഇത് തങ്ങള്‍ക്ക് അവകാശപ്പെടുത്തണം. ഇതിനായി വിദേശ ഇന്ത്യക്കാരോട് സംഘപരിവാർ പറഞ്ഞ ന്യായം ഇതായിരുന്നു – യേശു ക്രിസ്തുവിന്‍റെ ജന്മസ്ഥലമായ ബെത്ലഹേം ക്രൈസ്തവരുടെ അവകാശത്തിലാണ്, പ്രവാചകൻ നബി ജനിച്ച സ്ഥലം മുസ്ലിങ്ങളുടെ അധീനതയിലും! അങ്ങനെയെങ്കില്‍, എന്തുകൊണ്ട് ശ്രീരാമൻ ജനിച്ച പുണ്യഭൂമി ഹൈന്ദവരുടെ അവകാശമാകുന്നില്ല? ആ സമയത്ത്, രാമജന്മഭൂമി മൂവ്മെന്റ് ഇന്ത്യയില്‍ ഏറ്റവും കൂടുതൽ വിദേശപണം സമാഹരിച്ച ഒരു സംഘടനയായിരുന്നു.
ബി.ജെ.പിയെ ഒതുക്കാൻ വിപി സിങ്ങും ഒരു ചെറിയ ‘പണി’ കൊടുത്തു. മണ്ഡൽ കമ്മീഷൻ അപ്പോള്‍ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. ഭാരതത്തിൽ വൈറ്റ് കോളർ തൊഴിൽ രൂക്ഷമായ സാഹചര്യം, പല യൂണിവേഴ്സിറ്റികളിൽ നിന്നും പഠിച്ചു ഇറങ്ങുന്നവർ നാളെ എന്ന സ്വപ്നം എങ്ങോട്ടു പോകും എന്ന ആശങ്കയില്‍. സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെ മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിനെ എതിര്‍ത്തുള്ള സമരങ്ങളും പ്രത്യക്ഷപ്പെട്ടു. തെരുവുകളിൽ ആത്മാഹൂതികള്‍ നടന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ ‘ഗോസ്വാമികള്‍’ ഇന്ത്യ മുഴുവനും ഞെട്ടിച്ചു. ബിജെപി യുടെ തീരുമാനം മണ്ഡൽ കമ്മീഷനെ എതിർക്കേണ്ടതില്ല എന്നുള്ളതായിരുന്നു. പകരം എൽ.കെ.അദ്വാനി രഥം ഉരുട്ടി അയോധ്യയിൽ അമ്പലം പണിയാനുള്ള നീക്കവുമായി മുന്നോട്ടു പോയി. വടക്കേ ഇന്ത്യയിലെ ജാതീയത ഹൈന്ദവരുടെ ഇടയിൽ പ്രകടമാകാന്‍ തുടങ്ങി. അതോടെ പിന്നോക്ക വിഭാഗക്കാര്‍ ബിജെപിയിൽ നിന്നും പതുക്കെ അകലുന്നത് പ്രത്യക്ഷമായി. മുന്നോക്ക വിഭാഗങ്ങള്‍ മണ്ഡൽ റിപ്പോർട്ടിനെ എതിര്‍ത്തു മുൻപന്തിയിലെത്തി. അവർ രഹസ്യമായി രാമജന്മഭൂമിയെ പിന്താങ്ങാനും തുടങ്ങി,
അതിൽ മുന്‍പന്തിയില്‍ നിന്നും കളിച്ചത് അരുൺ നെഹ്രുവായിരുന്നു. ഒരിക്കൽ രാജീവ് ഗാന്ധിയുടെ വലംകൈയായിരുന്നു അരുണ്‍ നെഹ്രു. അദ്ദേഹമാണ് രാജീവ് ഗാന്ധിക്ക് ഉപദേശം കൊടുത്ത് രാമജന്മഭൂമി വിവാദം സങ്കീര്‍ണ്ണമാക്കിയത്. പിന്നീട് ഇദ്ദേഹം വിപി സിംഗിന്‍റെ മിത്രമായി, പിന്നെ കേന്ദ്രമന്ത്രിയും. രഥവും മണ്ഡലും ഭാരതത്തിൽ കത്തിയതിന്റെ അനുബന്ധമായി ബീഹാറിൽ ലാലു പ്രസാദ് യാദവും ഉത്തർപ്രദേശിൽ മുലായം സിംഗ് യാദവും ശക്തരായ നേതാക്കളായി വളർന്നു. രാഷ്ട്രീയം ജാതിയ്ക്കു വഴിമാറി. ഒബിസി, ദളിത് വിഭാഗത്തിലെ നേതാക്കന്മാരെ ഏകോപിപ്പിച്ച് പുതിയ സമവാക്യങ്ങളുണ്ടാക്കി.
ദളിത് സഖ്യ കക്ഷികളെയും ഇവര്‍ വിശ്വാസത്തില്‍ എടുത്തു. ഈ നീക്കത്തില്‍ ദേശീയ പാർട്ടികൾ ഇവർക്കു മുൻപിൽ മുട്ടുമടക്കേണ്ടി വന്നു. പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ നിന്ന് നേതാക്കന്മാര്‍ ഉയര്‍ന്നു. കൌ ബെൽറ്റ് (cow belt) മുതലാക്കിയ ഉത്തരപ്രദേശിലെ ദളിത് നേതാവ് കാൻഷിറാം തന്നെ ഉദാഹരണം.
അങ്ങനെ വളർന്നവർക്കൊരു പൊതുലക്ഷ്യമുണ്ടായിരുന്നു. മക്കളെയും ബന്ധുക്കളെയും അവർ പരമാവധി പ്രോത്സാഹിപ്പിച്ചു. അധികാരം ഉറ്റബന്ധുമിത്രാദികൾക്ക് നിഷിദ്ധമല്ല എന്നൊരു സിദ്ധാന്തമുണ്ടാക്കി. രാഷ്ട്രീയ കക്ഷികൾക്കു ദേശീയമായ കാഴ്ചപ്പാടു നഷ്ടപ്പെട്ടു. പ്രാദേശിക പ്രശ്നങ്ങൾ ആളിക്കത്തിച്ച് അധികാരവും കിരീടവും മക്കൾക്കും ബന്ധുക്കൾക്കും ഉറപ്പിക്കാനുളള കളികളിൽ മാത്രമായി എല്ലാവരുടെയും ശ്രദ്ധ. കാലു വാരലും കൂറു മാറലും അതിജീവിക്കാനുള്ള തന്ത്രമെന്ന നിലയിലും മക്കൾ വാഴ്ച പ്രോത്സാഹിപ്പിക്കപ്പെട്ടു. രാഷ്ട്രീയത്തില്‍ മക്കളെ പ്രതിഷ്ഠിച്ചാല്‍ നിലനില്‍പ്പ് ഭദ്രമാണ്.
മറുവശത്ത് ആയുധങ്ങൾ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു കോൺഗ്രസ്. രാമരാഷ്ട്രീയവും ജാതിരാഷ്ട്രീയവും ഭാരതത്തെ കലക്കി മറിച്ചപ്പോഴും, ലാലു പ്രസാദ് യാദവ് ബിഹാറിൽ വച്ച് രഥം തടഞ്ഞപ്പോഴും തുടർന്നു ബി.ജെ.പി വി.പി.സിംഗിന്‍റെ പിന്തുണ പിൻവലിച്ചപ്പോഴും കോൺഗ്രസ് എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നു.
വി പി സിംഗിനെ ഏതുവിധേനയും താഴെയിറക്കുക എന്ന ലക്ഷ്യത്തിലേക്ക് അവര്‍ ചുരുങ്ങിപ്പോയി. അയോധ്യയും ബാബ്‌റി മസ്‌ജിദും പൊളിച്ചാലും ഇല്ലെങ്കിലും, മണ്ഡൽ കമ്മീഷനെ സംബന്ധിച്ച തീരുമാനം എടുത്താലും ഇല്ലെങ്കിലും കോൺഗ്രസിന് ശത്രു വി.പി.സിംഗ് മാത്രമായിരുന്നു. അന്ന് എടുത്ത അത്തരം തീരുമാനങ്ങള്‍ മൂലം കോൺഗ്രസിന് പിന്നെ ഒരിക്കൽ പോലും ഉത്തർപ്രദേശിലൊ ബീഹാറിലോ ഭരണത്തിൽ തിരികെവരാൻ സാധിച്ചില്ല. ഇന്ത്യ ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്ന പ്രധാനപ്പെട്ട രണ്ടു സംസ്ഥാനങ്ങളിൽ അങ്ങനെ കോൺഗ്രസ് പാർട്ടി വെറും ന്യൂനപക്ഷമായി മാറി.
മക്കൾ രാഷ്ട്രീയം എപ്പോഴും വലിയ കുഴിയിൽനിന്നും ഭീമമായ കുഴപ്പത്തിലെക്കാണ് രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചത്.
ജി കെ മൂപ്പനാർ മരിച്ചതിനു ശേഷമാണ് ജി കെ വാസൻ കോൺഗ്രസിന്റെ മുഖ്യധാരയിലേയ്ക്കു വന്നത്. ആന്ധ്രയിൽ രാജശേഖര റെഡ്ഡി മരിച്ച സമയത്ത് മകൻ ജയ്‌മോഹൻ റെഡ്ഡിയെ അനന്തരാവകാശിയായി പ്രഖ്യാപിക്കണം എന്ന് ചിലർ മോഹിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം വഴങ്ങിയില്ല. ജമ്മു കാശ്മീരിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് ഷേക്ക് അബ്ദുളളയുടെ കുടുംബമാണ്. മമതാ ബാനർജി മരുമകൻ അഭിഷേക് ചാറ്റർജിയെ രാഷ്ട്രീയത്തിലെത്തിച്ചു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എൻ.ടി രാമറാവുവിനെ മകളുടെ ഭർത്താവ് ചന്ദ്രബാബു നായിഡു ഒരു സുപ്രഭാതത്തിൽ തള്ളിമാറ്റി മുഖ്യമന്ത്രിയായി രംഗപ്രവേശം ചെയ്തു . തമിഴ്‌നാട് ഡിഎംകെ ആസ്ഥാനത്തും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. കരുണാനിധി എന്ന നേതാവ് മക്കളുടെയും ബന്ധുക്കളുടെയും ഇടയിലിരുന്നു ഞെരുങ്ങി. സ്റ്റാലിനും അളഗിരിയും കനിമൊഴിയും തമ്മില്‍ പോരാട്ടം തുടര്‍ന്നു. മാരൻ കുടുബത്തിലെ കാര്യങ്ങളും ഇങ്ങനെത്തന്നെയായിരുന്നു. ഇതിപ്പോള്‍ കൊല്ലും കൊലയിലുമെത്തി നിൽക്കുന്നു. എം.ജി. ആറിന് ശേഷം ആദ്യമായി ഭരണകക്ഷി വീണ്ടും അധികാരത്തിലെത്തി.
ബിഹാറിൽ ലാലു പ്രസാദിന് മന്ത്രിയാകാൻ കഴിയില്ല. പകരം മകനെ ഉപമുഖ്യമന്ത്രിയാക്കി. അതും പക്വതയില്ലാത്ത ഒരു പയ്യനെ! അതിനുംമുമ്പ് ഭാര്യ റാബ്രിയെ മുഖ്യമന്ത്രിക്കസേരയിലുമിരുത്തിയിരുന്നു.
എല്ലാം കൊണ്ടും കണ്ടു പഠിക്കേണ്ട രസകരമായ മക്കൾ കുടുംബ രാഷ്ട്രീയമാണ് യു.പിയില്‍. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കുടുംബമാണ് മുലായം സിംഗിന്റേത്. മകൻ അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയാണ്. കുടുംബത്തിൽ നിന്ന് അഞ്ചു ലോക്സഭാ അംഗങ്ങൾ, ഒരു രാജ്യസഭാ അംഗം, ഒരു എംഎൽഎ, രണ്ട് എംഎൽസിമാർ, ജില്ലാ പഞ്ചായത്തു മുതൽ താഴേയ്ക്ക് പിന്നെയുമുണ്ട് മുലായം കുടുംബത്തിന്റെ പ്രാതിനിധ്യം.
എവിടെ മക്കൾ രാഷ്ട്രീയം തഴച്ചുവളർന്നാലും അവിടെ ജനാധിപത്യ പ്രക്രിയ താറുമാറാകും. അതായത് ഉൾപാർട്ടി ജനാധിപത്യം ക്ഷയിക്കും! അവിടെനിന്നാണ് നേതാക്കന്മാരുടെ മക്കളും ബന്ധുക്കളും പാർട്ടിയും ഒരുമിച്ചു ഭരിക്കാന്‍ തുടങ്ങുന്നത്. ഞങ്ങളായി ഞങ്ങളുടെ പാടായി..ഇനി നിങ്ങള്‍ അനുഭവിക്കുക എന്ന ലൈന്‍!
http://malayalam.naradanews.com/…/political-family-india-u…/

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം