റിപ്പബ്ലിക്ക് ഓഫ് യെമൻ







യെമൻ
റിപ്പബ്ലിക്ക് ഓഫ് യെമൻ
തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ മിഡിൽ ഈസ്റ്റിൽ ഉൾപ്പെടുന്ന ഒരു രാജ്യമാണ്‌. വടക്ക് സൗദി അറേബ്യ, പടിഞ്ഞാറ് ചെങ്കടൽ, തെക്ക് അറേബ്യൻ കടൽ, ഏഡൻ ഉൾക്കടൽ, കിഴക്ക് ഒമാൻ എന്നിവയുമായി അതിർത്തി പങ്കിടുന്നു.
ചെങ്കടലിലുള്ള ദ്വീപുകളായ ഹാനിഷ് ദ്വീപുകൾ, കമറാൻ, ബരീം എന്നിവയും അറേബ്യൻ കടലിലുള്ള സുഖുത്വറ ദ്വീപും യെമനിന്റെ ഭാഗമാണ്‌. ഏതാനും ദ്വീപുകൾ അഗ്നിപർവ്വതമുള്ളവയാണ്‌; ജബൽ-അൽ-ത്വയിറിൽ 2007 ലും അതിനുമുൻപ് 1883 ലും അഗ്നിപർവ്വത പൊട്ടിത്തെറി ഉണ്ടായിരുന്നു.
527,970 ചതുരശ്ര കി.മീറ്റർ വിസ്തൃതിയുള്ള യെമൻ വലുപ്പത്തിൽ ഫ്രാൻസിനു തൊട്ടുപിറകിലായി 49-ം‌മത്തെ സ്ഥാനത്താണ്‌. ഏതാണ്ട് തായ്‌ലാന്റിന്റെ അതേ വലിപ്പം. യെമനിന്റെ സ്ഥാനം
അറേബ്യൻ മരുഭൂമിയിൽ ജനവാസമില്ലാത്തതിനാൽ തന്നെ ഉത്താരാതിർത്തി നിർണ്ണയിക്കപ്പെട്ടിട്ടില്ല.
അറേബ്യൻ ഉപദ്വീപിലെ മറ്റു ജനവിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പുരാതനകാലം തൊട്ടുതന്നെ സ്ഥിരവാസികളണ് യെമെനികൾ. മറ്റു അറേബ്യൻ ജനതകൾ നാടോടികളോ, അർധനടോടികളോ ആയിരുന്നു. ഇന്ന് ദരിദ്രരാജ്യങ്ങളുടെ നിരയിലാണെങ്കിലും സമ്പന്നമായ ഒരു സംസ്കാരമാണ് യെമെനി ജനതയ്ക്ക് അവകാശമെടാനുള്ളത്. ബി.സി. 1000 മുതൽ എ.ഡി. 200 വരെ ഇവിടെ നിലനിന്നിരുന്ന സബായിയൻ രാജവംശം മാരിബ് തലസ്ഥാനമാക്കിയാണ് യെമെൻ ഭരിച്ചിരുന്നത്. ഐതിഹ്യ പ്രകാരം നോഹയുടെ മൂത്ത പുത്രൻ ശേം സ്ഥാപിച്ചതാണ് ഈ പട്ടണം. സബായിയൻ കാലഘട്ടത്തിലാണ് റോമാക്കാർ യെമെനെ സന്തുഷ്ടമായ അറേബ്യ എന്ന് വിശേഷിപ്പിച്ചത്. അക്കാലത്ത് കൃഷിയും വ്യാപാരവും അഭിവൃദ്ധിപ്രാപിച്ചു. ജലസേചനത്തിനായി വൻതോതിൽ തോടുകളും അണക്കെട്ടുകളും നിർമ്മിച്ചു. ബി.സി. 700 ൽ നിർമ്മിച്ച മാരിബിലെ അണക്കെട്ട് പ്രസിദ്ധമാണ്. നൂറ്റാണ്ടുകൾ അതിജീവിച്ച ഈ അണക്കെട്ട് എ.ഡി. 570 ൽ നാശനത്തിനു വിധേയമായി. ബൈബിളിലെ പഴയനിയമത്തിൽ പറയുന്ന ശേബാരാജ്ഞിയുടെ രാജ്യം ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു. യെമെനിൽ ഉത്പാദിപ്പിച്ചിരുന്ന കുന്തിരിക്കവും മിറായും വിവിധ രാജ്യങ്ങളിൽ എത്തി.
കടൽവഴി ഇന്ത്യയുമായും കച്ചവടത്തിലേർപ്പെട്ടു. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ ദാഫർ തലസ്ഥാനമാക്കി നിലവിൽവന്ന ഹിമ്യാറിറ്റുകൾ സബായിയൻ രാജവംശത്തെ അപ്രസക്തമാക്കി. അവർ ജൂതമതം ഔദ്യോഗിക മതമാക്കുകയും ക്രൈസ്തവരെ വധിക്കാനും തുടങ്ങി. ഇതോടെ ബൈസന്റൈൻ ചക്രവർത്തി ജസ്റ്റിൻ ഒന്നാമന്റെ പിന്തുണയോടെ ഓക്സമിലെ ക്രൈസ്തവരാജാവ് യെമെൻ അധിനിവേശിച്ചു. എ.ഡി. 630 ന് അടുത്ത് പേർഷ്യൻ ഭരണകാലത്താണ് ഇസ്ലാം മതം യെമെനിൽ കടന്നുവരുന്നത്. വടക്കൻ യെമെൻ ഇസ്ലാമിലെ സയീദി വിഭാഗത്തിൽപ്പെട്ട ഇമാമുകളുടെ നിയന്ത്രണത്തിലായിരുന്നു. നജാഹിദ്, സുലൈഹിദ്, ഈജിപ്തുകാരായ അയൂബികൾ, തുർക്കോമൻമാരായ റസൂലിദുകൾ എന്നിവയായിരുന്നു മറ്റു പ്രബല ഇമാമുകൾ. പത്തൊമ്പതാം നൂറ്റാണ്ടിൽ വടക്കൻ യെമെൻ ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായി. ഈ കാലത്ത് വടക്കൻ യെമെനിലെ നിയന്ത്രണം ഇമാമുകൾക്കും തെക്കൻ യെമെനിൽ ഏഡൻ തുറമുഖം കേന്ദ്രമാക്കി, ബ്രിട്ടിഷുക്കാരും നിയന്ത്രണം ഉറപ്പിച്ചിരുന്നു.
യെമന്‍ യുദ്ധം... ആരാണ് ഹൂതികള്‍, സൗദി അറേബ്യക്ക് യെമനില്‍ എന്ത് കാര്യം ?,
-----------------------------------------------------------------------------------------
യെമനിലെ ഷിയ ഗോത്ര വര്‍ഗ്ഗമാണ് ഹൂതികള്‍. 1990 കളില്‍ ആണ് ഹൂതികള്‍ ഇവിടെ ശക്തി പ്രാപിക്കുന്നത്.
ഹുസൈന്‍ അല്‍ഹൂതി എന്നയാളാണ് ഹൂതികളുടെ സ്ഥാപക നേതാവ്. 2004 ല്‍ ഇദ്ദേഹം യെമന്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ലബനനില്‍ ശക്തമായ ഹിസ്ബുളളയ്ക്കു സമാനമാണ് യെമനിലെ ഹൂതികള്‍. അവരുടെ സൈനിക ശക്തിയും അങ്ങനെ തന്നെ. സൗദി അറേബ്യയുടെ അതിര്‍ത്തിയിലെ ഗോത്ര മേഖലകളാണ് ഹൂതികളുടെ ശക്തി കേന്ദ്രം. അതുകൊണ്ട് കൂടിയാണ് സൗദി യെമനില്‍ സൈനിക നീക്കം നടത്തുന്നതും .
2004 ല്‍ ഹുസൈന്‍ അല്‍ഹൂതിയുടെ മരണത്തിന് ഇടയാക്കിയ സര്‍ക്കാരിന്റെ സൈനിക നീക്കമാണ് ഹൂതികളെ സായുധ ആക്രമണങ്ങളിലേക്ക് നയിച്ചത്. അന്നത്തെ യെമന്‍ പ്രസിഡന്റ് അബ്ദുള്ള സാലിഹിന്റെ നടപടികളായിരുന്നു ഇതിന് കാരണം.
ഇതോടെ ഹൂതികള്‍ സ്വന്തം സൈന്യം തന്നെ രൂപീകരിച്ചു. ചില പ്രവിശ്യകളില്‍ ഇവര്‍ സമാന്തര ഭരണവും നടത്തി.
2004 മുതൽ പലപ്പോഴായി ഹൂതികൾ സര്‍ക്കാരുമായി ഏറ്റുമുട്ടുകയാണ്. നീണ്ട 20 കൊല്ലക്കാലം യെമൻ അടക്കിഭരിച്ച ഏകാധിപതി പ്രസിഡണ്ട് അലി അബ്ദുല്ല സലേക്കെതിരെ 2011-ൽ ഉയര്‍ന്നുവന്ന അറബ് വസന്ത മുന്നേറ്റങ്ങളെ ഹൂതികൾ വലിയതോതിൽ പിന്തുണച്ചു. എന്നാൽ 2011-ൽ അമേരിക്കയുടെ പിന്തുണയുള്ള ധാരണയുടെ ഭാഗമായി സലേയെ മാറ്റി ഹാദിയെ ഭരണമേല്‍പ്പിച്ചതും (തെരഞ്ഞെടുപ്പ് നടത്തും വരെയുള്ള ഒരു പരിവര്‍ത്തന സര്‍ക്കാരിനെയാണ് ഹാദി നയിക്കുന്നത്) ഹൂതികളെ സംതൃപ്തരാക്കിയില്ല. ഈ സര്‍ക്കാരിൽ ഹൂതികള്‍ക്ക് ഒരു പ്രാതിനിധ്യവും കിട്ടിയില്ല. അതുകൊണ്ടുതന്നെ തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത പഴയ സര്‍ക്കാരിൽ നിന്നും വിഭിന്നമല്ല പുതിയ സര്‍ക്കാരെന്നും അവർ കണക്കുകൂട്ടി. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിശ്വസിക്കാൻ കൊള്ളാത്ത സംവിധാനം. ഹൂതി കലാപം തുടര്‍ന്നു-ഒടുവിൽ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കും വരെ.
2011 ഓടെയാണ് ഹൂതികള്‍ ആഭ്യന്തര യുദ്ധം തുടങ്ങുന്നത്. സഅദ, അബ്‌റീല്‍ തുടങ്ങിയ പ്രവിശ്യകള്‍ ഇവര്‍ പിടിച്ചടക്കി.
ഒരേ സമയം രാഷ്ട്രീയവും സൈനികവും ആയി ശക്തമാവുകയായിരുന്നു ഹൂതികള്‍. 2103 ല്‍ യെമന്റെ ദേശീയ സംവാദ സമ്മേളനത്തില്‍ ഇവര്‍ക്ക് വലിയ പ്രാതിനിധ്യം സര്‍ക്കാരിന് നല്‍കേണ്ടി വന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്. യമനിലെ പ്രധാന കേന്ദ്രങ്ങള്‍ മുഴുവന്‍ ഹൂതികള്‍ പിടിച്ചടക്കി. സര്‍ക്കാരും സൈന്യവും പ്രതിരോധത്തിലായി.
മറ്റ് പല വിമതരെയും പോലെ ഹൂതികൾ യെമൻ സര്‍ക്കാരിനെ അട്ടിമറിക്കാനോ, യെമനിൽ നിന്നും വിട്ടുപോകാനോ ആഗ്രഹിക്കുന്നില്ല. സനായിലെ സൈനിക ദൌത്യത്തിന് അടിയന്തിരമായി മൂന്നു ലക്ഷ്യങ്ങളാണുള്ളത്. ഒന്ന്, ഉയര്‍ന്ന സര്‍ക്കാർ പദവികളിൽ ഹൂതികളെയോ ഹൂതി അനുഭാവികളെയോ പ്രതിഷ്ഠിക്കാൻ അവർ ആഗ്രഹിക്കുന്നു. രണ്ട്, വടക്കൻ യെമനിലെ ഹൂതി മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഇന്ധന വിലയിളവ് വെട്ടിക്കുറച്ച നടപടി റദ്ദാക്കണം. മൂന്നാമതായി, ഇപ്പോൾ കരട് രൂപപ്പെട്ട യെമൻ ഭരണഘടന, അന്തിമ രൂപത്തിലാകുമ്പോൾ തങ്ങളുടെ താത്പര്യങ്ങൾ കൂടി പ്രതിഫലിക്കണമെന്നും ഹൂതികൾ ആഗ്രഹിക്കുന്നു.
യമനില്‍ സംഭവിച്ചത് നമുക്ക് ആശ്വാസമോ സന്തോഷമോ പകരുന്ന കാര്യമല്ലെന്ന് മാത്രമല്ല, ഏറെ ഞെട്ടലുണ്ടാക്കുന്നതും വേദനിപ്പിക്കുന്നതും കൂടിയാണ്. കാരണം സംഭവിച്ചിരിക്കുന്ന അനിവാര്യമായ യുദ്ധമാണോ മോശപ്പെട്ട അവസ്ഥയെ അതിനേക്കാള്‍ ഭയാനകവും മോശപ്പെട്ടതുമായ ഒന്നു കൊണ്ടാണ് ചികിത്സിച്ചിരിക്കുന്നത്.
ആധുനിക അറബ് ചരിത്രത്തിന്റെ വേറിട്ട ഒരേടിലാണ് നാമുള്ളത്. അതില്‍ മുന്‍ഗണനാ ക്രമങ്ങള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. നിലവിലെ സംഭവങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുന്നതിന് മുമ്പ് അനിവാര്യമായും ചില അടിസ്ഥാന കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. കാര്യങ്ങളെ കുറിച്ച ശരിയായ കാഴ്ച്ചപാട് ലഭിക്കാന്‍ നമുക്കത് ഉപകരിക്കും.
യെമൻ സര്‍ക്കാർ സുന്നി ആധിപത്യ സര്‍ക്കാർ മാത്രമല്ല, അമ്പരപ്പിക്കും വിധം ദുര്‍ബ്ബലവും സ്വാധീനരഹിതവുമാണത്. ദാരിദ്ര്യ നിരക്ക് 2012-ൽ 54.5 ശതമാനത്തിലെത്തി. 45% യെമനികളും വേണ്ടത്ര ഭക്ഷണം ലഭിക്കാൻ കഷ്ടപ്പെടുന്നവരാണ്. Transparency International പറയുന്നത് ലോകത്തെ ഏറ്റവും അഴിമതിക്കാരായ രാജ്യങ്ങളിൽ യെമൻ 10-ആം സ്ഥാനത്താണെന്നാണ്. അരക്ഷിതാവസ്ഥയും ദുര്‍ബ്ബലമായ ഭരണവും മൂലം രാജ്യത്ത് നിരവധി തീവ്രവാദി സംഘങ്ങൾ ഉടലെടുത്തിരിക്കുന്നു. സൈന്യത്തിലെ പലരും സര്‍ക്കാരിനോടെന്നതിനെക്കാൾ ഇത്തരം സേനകളോടാണ് കൂറ് പുലര്‍ത്തുന്നത്.
സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കാനുള്ള സര്‍ക്കാർ ശ്രമങ്ങൾ ഹൂതി മുന്നേറ്റത്തെ ആളിക്കത്തിച്ചതെയുള്ളൂ. മാര്‍ച്ച് 2013 മുതൽ ജനുവരി 2014 വരെ, സംഘര്‍ഷം അവസാനിപ്പിക്കാനും എല്ലാവരെയും തൃപ്തിപ്പെടുത്തുന്നതുമായ ഒരു സര്‍ക്കാരുണ്ടാക്കാനായി യെമൻ സര്‍ക്കാർ ദേശീയ സംഭാഷണ സമിതി വിളിച്ചുകൂട്ടി. പക്ഷേ അതിൽ ഹൂതികളുടെ പ്രാതിനിധ്യം നാമമാത്രമായിരുന്നു. സര്‍ക്കാരിന്റെ ഒരു ഏച്ചുകെട്ടലായി മാറി അത്.
2014 പകുതിയോടെ ഇന്ധന വിലയിളവ് വെട്ടിക്കുറച്ചതിനെതിരെ നിലവിലെ സര്‍ക്കാരിനെതിരായി ഹൂതികൾ പ്രതികരിച്ചു തുടങ്ങി. പ്രതിഷേധം പോരാട്ടമാവുകയും, സെപ്റ്റംബർ 18-ഓടെ സനായിലെത്തുകയും ചെയ്തു.
യെമൻ സേനയെ തോല്‍പ്പിച്ച ഹൂതികൾ സുന്നി സായുധ സംഘങ്ങളുമായി ബന്ധമുള്ള സൈനികോദ്യഗസ്ഥരെ വധിക്കുകയും ചെയ്തു. ചില സേനാവിഭാഗങ്ങൾ കൂറുമാറി. സെപ്റ്റംബർ മുതൽ ഹൂതികൾ സനായിൽ പിടിമുറുക്കി.
ഏറ്റവും പുതിയ മുന്നേറ്റത്തോടെ ഹൂതികൾ സനായിലെ സര്‍ക്കാർ സേനയെ പരാജയപ്പെടുത്തി. ഭരണഘടന നയങ്ങളും സര്‍ക്കാർ പരിഷ്കാരങ്ങളും നടപ്പാക്കാൻ സരക്കാരിനുമേൽ സമ്മര്‍ദം ചെലുത്താനാണ് സൈനിക നടപടിയെന്ന് ഹൂതി നേതാവ് അബ്ദെൽ മാലികി അൽ-ഹൂതി പറയുന്നു. ഹാദിയെ പുറത്താക്കാൻ ഉദ്ദേശമില്ലെന്ന് പറഞ്ഞ അൽ-ഹൂതി, ഹാദി തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നില്ലെങ്കിൽ ആവശ്യമായ എല്ലാ നടപടികളും എടുക്കുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച യെമൻ പ്രസിഡന്റ് ആബേദ് റബ്ബോ മൻസൂർ ഹാദി ഈജിപ്തിന്റെ തീരദേശനഗരമായ ഷർമ് എൽ-ഷെയ്ഖിലേക്ക് സൗദി തലസ്ഥാനമായ റിയാദിൽ നിന്നുള്ള വിമാനത്തിൽ പറന്നിറങ്ങുകയുണ്ടായി.
കഴിഞ്ഞ വർഷം യെമൻ തലസ്ഥാനമായ സന പിടിച്ചെടുത്ത ഹൂതികൾ ഇപ്പോൾ ഹാദിയും അദ്ദേഹത്തിന്റെ അവശേഷിക്കുന്ന ഭരണകൂടവും താവളമാക്കിയിരിക്കുന്ന തെക്കൻ തീരദേശനഗരമായ ഏദനെ നോട്ടമിട്ടിരിക്കുകയാണ്. തന്നെ പിന്തുടരുന്ന ഹൂതി കലാപകാരികളിൽനിന്നും രക്ഷപ്പെടാൻ ഹാദി നിർബ്ബന്ധിതനാവുകയായിരുന്നു.
ഹൂതികൾക്കുനേരെ സൗദിയുടെ നേതൃത്വത്തിലുള്ള ബോംബാക്രമണം ഒരു ആഭ്യന്തരയുദ്ധത്തിൽ നിന്ന് പ്രാദേശികസംഘർഷത്തിലേക്ക് വളർന്നിരിക്കുന്നു. സൗദിയും സുന്നി അറബ് രാഷ്ട്രങ്ങളും ഒരു വശത്തും ഇറാനിയൻ പിന്തുണയുള്ള ഹൂതി കലാപകാരികളുടെ നിര മറുവശത്തും. ഈജിപ്ത് ഏദനിലേക്ക് ഏതാനും പോർക്കപ്പലുകളെ അയച്ചുകഴിഞ്ഞു. ഒരു കരയുദ്ധം അനിവാര്യമാണെന്ന് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ ഉറപ്പിക്കുന്നു.
സൈനിക ശക്തിയുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലില്‍ കാര്യങ്ങള്‍ സൗദിക്ക് അനുകൂലമാകുമെന്നതില്‍ ഒരു സംശയവുമില്ല. അത്യാധുനിക പോര്‍വിമാനങ്ങളും എഫ്-15, എഫ്-16 ഇനങ്ങളിലുള്ള അമേരിക്കന്‍ ബോംബര്‍ വിമാനങ്ങളും വ്യോമസംവിധാനങ്ങളും അവരുടെ ആയുധ ശേഖരത്തിലുണ്ട്. അവക്ക് പുറമെ ഒന്നര ലക്ഷം ആള്‍ശേഷിയുള്ള കരസൈന്യവുമുണ്ട്. പഴഞ്ചന്‍ ആയുധങ്ങള്‍ മാത്രമുള്ള ശത്രു അവക്ക് മുന്നില്‍ വളരെ ദുര്‍ബലനാണ്. അമേരിക്കയില്‍ നിന്നും ജര്‍മനിയില്‍ നിന്നും യൂറോപില്‍ നിന്നും യുദ്ധവിമാനങ്ങളും ടാങ്കുകളും വാങ്ങുന്നതിന് സൗദി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ മാത്രം 15,000 കോടി ഡോളറാണ് ചെലവിട്ടത്. യമനിന്റെ നാല്‍പത് വര്‍ഷത്തെ ബജറ്റിന് തുല്യമായതോ അതിനെ മറികടക്കുന്നതോ ആയ തുകയാണിത്.
സൈനിക ശേഷിയില്‍ മികച്ച് നില്‍ക്കുന്നുവെന്നത് ആധുനിക യുദ്ധങ്ങളില്‍ വിജയം ഉറപ്പു തരുന്നില്ല. അപ്രകാരം വ്യോമാക്രമണങ്ങളുടെ ശക്തിയും വലുപ്പവുമൊന്നും പരാജയത്തിന്റെ മാനദണ്ഡമാക്കാനാവില്ല. സിറിയിയിലും ഇറാഖിലും ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേരെ 3500 ആക്രമണങ്ങളാണ് അമേരിക്ക നടത്തിയത്. അവരെ പരാജയപ്പെടുത്താന്‍ അതിലൂടെ സാധിച്ചിട്ടില്ല. ലോകത്തെ തന്നെ വന്‍ സൈനിക ശക്തിയുടെ പിന്തുണയുള്ള സിറിയന്‍ സൈന്യത്തിന് നാലു വര്‍ഷമായിട്ടും സിറിയന്‍ മണ്ണില്‍ തങ്ങള്‍ക്കനുകൂലമായ സാഹചര്യം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഗ്രാമങ്ങളും പട്ടണങ്ങളും തങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് നഷ്ടപ്പെടുന്നത് തടയാനും അവക്കായിട്ടില്ല.
ഭൂമിശാസ്ത്രപരമായും മാനുഷികമായും പരുക്കന്‍ അന്തരീക്ഷമാണ് യമനിലുള്ളത്.യമനികള്‍ കരുത്തരായ പോരാളികളാണ്. അതില്‍ ഹൂഥികളും അവരും എതിരാളികളും തമ്മില്‍ വ്യത്യാസമില്ല. ഈജിപ്ത്, സുഡാന്‍, ജോര്‍ദാന്‍, പാകിസ്താന്‍ തുടങ്ങിയ രാഷ്ട്രങ്ങളെ ചേര്‍ത്ത് സൗദി ഒരു അടിയന്തിര സഖ്യരൂപീകരണം നടത്തിയിട്ടുണ്ടെങ്കിലും അപകടകരമായ സഖ്യം മറുവശത്തുമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇറാഖ്, സിറിയ, ഇറാന്‍, റഷ്യ, ബ്രിക്‌സ് രാഷ്ട്രങ്ങളും ആ സഖ്യത്തിലുണ്ട്.
ഇതില്‍ ഏറ്റവും അപകടകരമായ പങ്ക് വഹിച്ചിരിക്കുന്നത് മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹാണെന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. 33 വര്‍ഷം അധികാരത്തിലിരുന്ന അദ്ദേഹം തന്റെ വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്. അതിനായി ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളിലും തന്റെ ബന്ധുക്കളെ നിയമിച്ചു എന്നുള്ളതാണ്. അപ്രകാരം തന്റെ ഗോത്രക്കാരെ (സന്‍ഹാന്‍) ഓഫീസര്‍മാരും സൈനികരുമാക്കി സൈന്യത്തിന്റെ കൂറും അദ്ദേഹം നേടി. അവസാനം യമന്‍ റിപബ്ലിക്കിന്റെ സൈന്യമെന്നത് അലി സാലിഹിന്റെയും കുടുംബത്തിന്റെയും സൈന്യമായി മാറിയെന്നതാണ് വസ്തുത. അദ്ദേഹത്തിന്റെ പകരക്കാരനായി വന്ന അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്ക് സൈന്യത്തിന് മേല്‍ യാതൊരു അധികാരവുമില്ലായിരുന്നതാണ് ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്.
എന്നാല്‍ ഹൂഥികളും മുന്‍ പ്രസിഡന്റ് അബ്ദുല്ല സാലിഹും തമ്മിലുള്ള ആഭ്യന്തര സഖ്യം വൈദേശിക സഖ്യത്തേക്കാള്‍ ഭീഷണി ഉയര്‍ത്തിയേക്കും. ഈ രണ്ട് സഖ്യങ്ങള്‍ കൂടിയാകുമ്പോള്‍ സൈനിക ശേഷിയും മാനവശേഷിയും അവര്‍ക്ക് ലഭിക്കും. കൗശലശാലിയായ അലി സ്വാലിഹ് തന്നെയാണ് അതിന് ചുക്കാന്‍ പിടിക്കുന്നത്. യമനിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭരണം നടത്തിയ വ്യക്തിയാണയാള്‍. തനിക്കൊത്ത ഒരു സൈന്യവും അവിടെ അദ്ദേഹത്തിനുണ്ടായിരുന്നു. ആ സൈന്യത്തിലെ ഭൂരിഭാഗവും ഇപ്പോഴും സാലിഹിനോട് കൂറുപുലര്‍ത്തുന്നവരുമാണ്. അതേസമയം യമന്‍ ഭരണകൂട സഖ്യത്തിന് നേതൃത്വം നല്‍കുന്ന പ്രസിഡന്റ് പരിചയത്തിന്റെയും സ്വാധീനത്തിന്റെയും കാര്യത്തില്‍ ദുര്‍ബലനുമാണ്.
അധികാരം മുറുകെ പിടിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം എപ്പോഴും പ്രകടമായിരുന്നു. അതിന് വേണ്ട എല്ലാ വാതിലുകളും അദ്ദേഹം മുട്ടി. യമന്‍ പ്രതിസന്ധിയെ കുറിച്ച് കഴിഞ്ഞ ദിവസം (3/29) ബ്രിട്ടനില്‍ നിന്നിറങ്ങുന്ന 'ഡയലി ടെലഗ്രാഫ്' ശ്രദ്ധേയമായ ഒരു റിപോര്‍ട്ട് പുറത്തുവിട്ടിരുന്നു. അല്‍-ഖാഇദ ഘടകങ്ങളെ വേട്ടയാടുന്നതിന് അലി സാലിഹ് തന്റെ രാജ്യകവാടങ്ങളും അന്തരീക്ഷവും അമേരിക്കന്‍ വിമാനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കൊടുത്ത സമയത്ത് സന്‍ആയിലെ തന്റെ ഓഫീസില്‍ അല്‍-ഖാഇദ നേതാവ് സാമി ദിയാനുമായി ഒരു കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നാണ് പ്രസ്തുത റിപോര്‍ട്ട് പറയുന്നത്. 2011-ല്‍ അദ്ദേഹത്തിനെതിരെ വിപ്ലവം നടക്കുന്ന സമയത്താണിത്. അല്‍-ഖാഇദക്ക് ഏദനിലേക്ക് പ്രവേശിക്കുന്നതിനും തെക്കന്‍ ഭാഗങ്ങളില്‍ സ്വാധീന വലയം വിപുലപ്പെടുത്തുന്നതിനും അബ്‌യന്‍ പ്രവിശ്യയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാമെന്ന് അലി സാലിഹ് വാഗ്ദാനം ചെയ്തു. ആ വാഗ്ദാനം നടപ്പാക്കുകയും ചെയ്തു. രക്ഷാസമിതിക്ക് പ്രമുഖര്‍ തയ്യാറാക്കി നല്‍കിയ റിപോര്‍ട്ടിനെ ആസ്പദമാക്കിയാണ് ടെലഗ്രാഫിലെ ലേഖനം.
യമനിലെ അവസ്ഥ വളരെ മോശമാവുകയും മറ്റൊരാള്‍ക്ക് അധികാരം കൈമാറാന്‍ ഗള്‍ഫ് നാടുകളുടെ നിര്‍ദേശമുണ്ടാവുകയും ചെയ്തപ്പോള്‍ തന്റെ പ്ലാനുകള്‍ തുടരുന്നതിന് രണ്ട് കാര്യങ്ങള്‍ ഉറപ്പാക്കുന്നതിലും അദ്ദേഹം വിജയിച്ചു എന്നതും ശ്രദ്ധേയമാണ്. സഹായികളോടും കുടുംബത്തോടും ഗോത്രത്തോടും ഒപ്പം സന്‍ആയില്‍ തന്നെ താമസം ഉറപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. താന്‍ ഒരുക്കുകുയം തന്റെ തന്നെ പരിധിയില്‍ നിലകൊള്ളുകയും ചെയ്ത സൈന്യത്തോടൊപ്പം നിലകൊള്ളാനും സാധിച്ചുവെന്നതാണ് അതിലേറെ പ്രധാനം. വിചാരണ ചെയ്യപ്പെടില്ലെന്ന ഉറപ്പാണ് രണ്ടാമത്തെ കാര്യം. അതിലൂടെ താന്‍ കവര്‍ന്നെടുത്ത മുഴുവന്‍ സമ്പത്തും തന്റെ തന്നെ സംരക്ഷണിത്തിലാക്കാന്‍ സാലിഹിന് കഴിഞ്ഞു. ഈ രണ്ട് ഉറപ്പുകള്‍ക്ക് മേല്‍ ക്രമേണ സന്‍ആയില്‍ അദ്ദേഹത്തിന്റെ ശക്തി അനുദിനം ഇരട്ടിച്ചു.
ഹൂഥികള്‍ക്കെതിരെ ആറ് വര്‍ഷക്കാലം (2004-2010) യുദ്ധം ചെയ്ത സാലിഹ് അവരുമായി സഖ്യത്തിലേര്‍പ്പെടാനും യമനിലെ അവരുടെ മുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കാനും ഒട്ടും മടികാണിച്ചില്ലെന്നുള്ളത് കടുത്ത വിരോധാഭാസമാണ്. സന്‍ആയിലെ ഭരണ നിര്‍വഹണ കാര്യാലയങ്ങള്‍ പിടിച്ചെടുക്കുന്നത് അവര്‍ക്ക് എളുപ്പമാക്കി കൊടുത്തത് അദ്ദേഹമായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ യമന്‍ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. 2013 സെപ്റ്റംബര്‍ 21-ന് അദ്ദേഹത്തിന്റെ ആളുകള്‍ സൈനിക താവളങ്ങളും തലസ്ഥാനത്തെ കേന്ദ്രങ്ങളും അവരുടെ ആധിപത്യത്തിനായി വിട്ടുകൊടുക്കുകയായിരുന്നു. സന്‍ആ പിടിച്ചെടുക്കുന്നതിന് ഹൂഥികളുമായി സഖ്യത്തിലേര്‍പ്പെട്ട സാലിഹ് തന്നെയാണ് ഏദന്‍ പിടിച്ചെടുക്കാന്‍ അവര്‍ക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കിയതെന്നുമാണ് അറിയാന്‍ കഴിഞ്ഞത്
ഹൂഥികളോട് യുദ്ധം ചെയ്തയാള്‍ തന്നെ അവരോട് സഖ്യത്തിലായതാണ് നാം കാണുന്നത്. അതേസമയം അദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായ ശേഷം ഏറെക്കാലം അദ്ദേഹത്തെ സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്ത രാഷ്ട്രമാണ് സൗദി. എന്നാല്‍ ഇന്ന് സൗദിക്കെതിരെ ഹൂഥികള്‍ക്കൊപ്പമാണ് അദ്ദേഹമിന്ന്. അധികാരത്തിലേക്ക് മടങ്ങിയെത്താന്‍ അത് വഴിതുറക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. എന്നാല്‍ ഹൂഥികള്‍ക്കെതിരെ സൗദി സൈനിക നീക്കം നടത്താനുദ്ദേശിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ തന്റെ മകനെ റിയാദിലേക്ക് അയച്ചു. തന്റെ വ്യക്തിപരമായ സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സന്ദേശവുമായിട്ടായിരുന്നു അത്. ഹൂഥികളെ നേരിടാന്‍ ഒരു ലക്ഷം ആളുകളെ ഒരുക്കി തരാമെന്നും വാഗ്ദാനം ചെയ്തു. സൗദി ഈ ഇടപാട് തള്ളിക്കളയുകയും മാര്‍ച്ച് 27-ന് അതിനെ പരിഹസിച്ചു കൊണ്ട് അറബിയ്യ ചാനല്‍ ചിത്രസഹിതം വിശദമായ റിപോര്‍ട്ട് പുറത്തുവിടുകയും ചെയ്തു.
പ്രതിസന്ധിയുടെ രണ്ടാമത്തെ ഘടകം ഹൂഥികളാണ്. യെമനില്‍ മര്‍ദിതരായിരുന്ന ഇവര്‍ വളരെയേറെക്കാലം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരും മാറ്റിനിര്‍ത്തപ്പെട്ടവരും പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരുമായിരുന്നു അവര്‍. പ്രത്യേകിച്ചും പ്രസിഡന്റ് അലി സാലിഹിന്റെ ഭരണത്തിന് കീഴില്‍. എന്നാല്‍ അവര്‍ ഉണരുകയും സഅ്ദയില്‍ നിന്നും പുറത്തു കടന്ന് സന്‍ആയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ കണക്കുകള്‍ക്കപ്പുറമുള്ള മോഹങ്ങളായിരുന്നു അവരുടെ മുന്നില്‍. തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിലും തങ്ങളുടെ രാഷ്ട്രീയത്തിന് അംഗീകാരം നേടുന്നതിനും ഭരണത്തില്‍ പങ്കാളിത്വം നേടുന്നതിലും അവര്‍ വിജയിച്ചു എന്ന് പറയാന്‍ കഴിയില്ല
മൂന്നാമത്തെ ഉത്തരവാദി ഇറാനാണ്. ഹൂഥികളുമായുള്ള ചര്‍ച്ചകളിലെല്ലാം അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. നിലവിലെ അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ ഇറാന്റെ പങ്ക് എത്രത്തോളമാണെന്ന് വ്യക്തമാക്കുന്ന രേഘകള്‍ തന്നെയുണ്ട്‌
ഒന്നാമതായി നാം മനസ്സിലാക്കേണ്ട കാര്യം സൗദി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് ഹൂഥികള്‍ക്കെതിരെയല്ല എന്നാണ് പറയുന്നത് എങ്കിലും ഇറാന്റെ ആകമാനം സൌധിക് യെമന് മേലുള്ള മേല്കൊയിമ നഷ്ട്ടപെടും അത് കൊണ്ട് തന്നെ ഇറാനെതിരെയാണ് ഈ നീക്കം എന്നുള്ളതും പറയാം . പ്രാദേശികമായ തങ്ങളുടെ മേല്‍ക്കോയ്മ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പരോക്ഷ യുദ്ധം നേരിട്ടുള്ള യുദ്ധത്തിലേക്ക് മാറിയിരിക്കുകയാണ്
പിന്നെയുള്ളത് ഏഥന്‍ കടലിടുക്ക് ഇവിടെ ഇറാന്‍ കയ്യേറിയാല്‍ പ്രശനം അതി രൂക്ഷമായ ഒന്നായി മാറുകയും ചെയ്യും. സിറിയന്‍ ഭരണകൂടം ഇപ്പോഴും നിലനില്‍ക്കുന്നതും ലിബിയയിലെ കലുഷിതമായ അന്തരീക്ഷവും പ്രധാന അറബ് രാഷ്ട്രങ്ങളായ ഇറാഖ്, സിറിയ, യമന്‍, ലബനാന്‍ എന്നിവക്ക് മേലും ഫലസ്തീനിന്റെ ഒരു ഭാഗത്തും ഇറാന്‍ നേടിയിരിക്കുന്ന പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനവും സൗദി മേല്‍ക്കോയ്മക്കാണ് പ്രഹരമേല്‍പ്പിച്ചിരിക്കുന്നത്. യമനില്‍ നേരിടേണ്ടി വരുന്ന അപകടങ്ങളെ കുറിച്ചുള്ള ബോധത്തോട് കൂടി തന്നെയാണ് സൗദി നേതൃത്വം ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്നതില്‍ ഒരു സംശയവുമില്ല. അതുപോലെതന്നെ എണ്ണവില ഇടിഞ്ഞതില്‍ പിന്നെ അതില്‍ നിന്നും കരകയറാനുള്ള ഒരു മാര്‍ഗവുമാണ്‌ ഈ യുദ്ധമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം യെമന്റെ എണ്ണാ ഉല്‍പാദനം 4.7 ആയിരുന്നു അതിപ്പോള്‍ 1ലേക്ക് കടന്നിരിക്കുന്നു എന്തായലും കാര്യങ്ങള്‍ കാത്തിരുന്നു കാണാം മാനുഷികമായ മുല്ല്യങ്ങള്‍ കാത്തു സുക്ഷിക്കുന്ന ഒരു ഭരണം നിലവില്‍ വരട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു . കരഞ്ഞു കലങ്ങി ചോര ഒലിക്കുന്ന കുഞ്ഞു മുഖങ്ങള്‍ നമ്മുടെ മുന്നില്‍ തെളിയാതെ നില്‍ക്കട്ടെ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം