മുസ്‌ലിം ഡോക്‌ടർമാർ ചിഹ്നം ഉപയോഗിച്ചാല്‍
DR.ഷിംന അസീസ് എഴുതുന്നു
*******************************
മുസ്‌ലിം ഡോക്‌ടർമാർ 'റെഡ്‌ക്രോസ്' ചിഹ്നം ഉപയോഗിക്കാൻ പാടില്ല, വടിമ്മേൽ പാമ്പ് ചുറ്റിയ ആസ്‌ക്ലിപിയസ് വടിയുടെ ചിത്രം ഉപയോഗിക്കാൻ പാടില്ല എന്നൊക്കെ മതപണ്‌ഢിതൻ പറഞ്ഞൂന്ന് പത്രത്തിൽ കണ്ടു. ചുവന്ന കുരിശ് ക്രൈസ്‌തവവിശ്വാസത്തെയും പാമ്പൻ വടി ഗ്രീക്ക് മതവിശ്വാസത്തേയും സൂചിപ്പിക്കുന്നത്രേ. അതുപയോഗിച്ചാൽ ബഹുദൈവാരാധന ആകുമെന്നും അതിനാൽ ഒഴിവാക്കണമെന്നും ആഹ്വാനം.
ഞങ്ങൾ മലബാറുകാർക്ക് ഒരുകാലത്ത് ഈ ഹോംസിനിമ ഒരു വീക്‌നെസ്സായിരുന്നു. ദോഷം പറയരുതല്ലോ, അവയിൽ ചില ചിത്രങ്ങൾ വളരെ ജെനുവിനായ ജീവിതസാഹചര്യങ്ങൾ ചിത്രീകരിച്ചവയാണ്, ശുദ്ധമായ ഹാസ്യവും കാണും. അത്തരമൊരു സിനിമയിലെ വൃദ്ധകഥാപാത്രത്തിന് വൈദ്യർ കൊടുക്കുന്ന നിർദേശം "ഒരു കാരണവശാലും ഈ കഷായം കുടിക്കുമ്പോൾ -ഇത്തിൾമുള്ളന്റെ വാല്- എന്നോർക്കരുത്'' എന്നാണ്. അത്ര കാലമായിട്ടും 'ഇത്തിൾമുള്ളൻ' എന്ന പേര് പോലും അറിയില്ലാതിരുന്ന മനുഷ്യന് പിന്നെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആ ജീവിയെ ഓർക്കാതെ മരുന്ന് കഴിക്കാൻ പറ്റുന്നില്ല. അയാൾ ആ മരുന്ന് കഴിക്കാൻ സാധിക്കാതെ വലയുന്നത് അതീവരസകരമായാണ് ചിത്രീകരിച്ചിട്ടുള്ളത്.
ഈ പറഞ്ഞത് പോലെ, യാതൊരു ഉപദ്രവവും ഇല്ലാതെ ഞങ്ങളുടെ കാറിൻമേലും ആംബുലൻസിന്റെ മണ്ടക്കും ഒക്കെ ഇന്നലെ വരെ ഇരുന്ന അടയാളങ്ങൾ ഈ വാർത്ത വായിച്ച് ഞെട്ടിയ അടിസ്‌ഥാനത്തിൽ ഇനി മുതൽ 'ശിർക്ക്' ആയി കണക്കാക്കേണ്ടി വരുമോ പടച്ചോനേ !! ആഗോളതലത്തിൽ ഒരു ജോലിയെ പ്രതിനിധീകരിക്കുന്ന അടയാളം എങ്ങനെയാണ് മതപരമാകുക? എന്തിനാണ് ഇത്രക്ക് മതഭ്രാന്ത്? ദൈവവിശ്വാസത്തിന്റെ പേരിൽ അമിതസൂക്ഷ്‌മത പൊതുവേദിയിൽ അടിച്ചേൽപ്പിച്ച് ഇസ്‌ലാമിനെ ഒരു വിഡ്‌ഢിക്കൂട്ടമായി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്.
അതും പോരാഞ്ഞിട്ട് ആൺ ഡോക്‌ടർമാർ സ്‌ത്രീകളെ പരമാവധി തൊടാതിരിക്കാൻ ശ്രമിക്കണം എന്നതാണ് അടുത്ത ഉപദേശം. പെൺരോഗികളോട് രോഗവിവരങ്ങൾ മാത്രമേ സംസാരിക്കാവൂ എന്നുമുണ്ട് പ്രസംഗത്തിൽ. കളിതമാശകൾ പറഞ്ഞു കൂടാ പോലും. മിണ്ടിപ്പറയുന്ന ഡോക്‌ടറെക്കിട്ടിയാൽ രോഗിയുടെ പാതിരോഗം അവിടെ മാറുന്നതായാണ് അനുഭവം. അപ്പോ രോഗിയോട് അധികം മിണ്ടാൻ പാടില്ലാത്രേ...അടിപൊളി !
പുരുഷഡോക്‌ടർക്ക് സ്‌ത്രീയായ രോഗിയെ അല്ലെങ്കിലും തനിച്ച് പരിശോധിക്കാൻ പാടില്ല. അതിനാണ് ഓപിയിൽ സിസ്‌റ്റർ കൂടെ നിൽക്കുന്നത്, അല്ലെങ്കിൽ ബൈ സ്‌റ്റാൻഡറെ കൂടെ നിർത്തുന്നത്. അതിന് മുസ്‌ലിം ഡോക്‌ടറാണോ പാഴ്‌സിയാണോ എന്നൊന്നും കണക്കില്ല. ലോകം മുഴുവൻ ഇത് തന്നെയാണ് നിയമം.
പിന്നെ രോഗിയെ തൊടാതെ രോഗം നിർണയിക്കണമെന്നൊക്കെ പറഞ്ഞാൽ ഞങ്ങൾ ചുറ്റിപ്പോകുകയേ ഉള്ളൂ. ഈ പറഞ്ഞ No touch technique വഴി രോഗം കണ്ടെത്താൻ ഇത് ഊഹക്കച്ചവടമല്ല, ആധുനികവൈദ്യശാസ്‌ത്രമാണ്. ഞങ്ങൾക്ക് ഞങ്ങളുടേതായ രീതികളുണ്ട്. അതെല്ലാം 'മറ്റേ' കണ്ണിലൂടെ കാണുന്നതിനെ ഭൂലോക ദുരന്തം എന്നേ പറയാനുള്ളൂ.
മുസ്‌ലിം സ്‌ത്രീകൾ കഴിവതും മുസ്‌ലിം വനിതാഡോക്‌ടറെ കാണണം എന്നുമുണ്ട്. എന്ത് അടിസ്‌ഥാനത്തിലാണ് ഇത്തരം അന്ധമായ നിർദേശങ്ങൾ നൽകപ്പെടുന്നത്? സകല മതസ്‌ഥരും സ്‌ത്രീകളും പുരുഷൻമാരും ഒക്കെ പഠിക്കുന്നത് ഒരേ സിലബസാണ്. അവിടെ ജാതിയും മതവും ലിംഗഭേദവും നോക്കാൻ ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. വല്ലിടത്തും അങ്ങനെയൊരു ഉദ്ദേശ്യമുണ്ടെങ്കിൽ ശക്‌തിയുക്‌തം എതിർത്തിട്ടുണ്ട്, ഇനിയും എതിർക്കും.
ഡോക്‌ടർമാരെ പ്രത്യേകിച്ച് പുരുഷഡോക്‌ടർമാരെ അപ്പാടെ അപമാനിക്കുന്നതാണ് ഇത്തരം ബോധശൂന്യമായ പ്രഭാഷണങ്ങൾ. ആണിന്റെയും പെണ്ണിന്റെയും സകല അവയവയവും ജനനം മുതൽ മരണം വരെയുള്ള ശാരീരികപ്രക്രിയകളും രോഗങ്ങളും തുടങ്ങി സർവ്വതും കണ്ടും തൊട്ടും പഠിച്ച ഞങ്ങൾക്ക് മനുഷ്യനെ അറിയാം. അങ്ങനെ 'കണ്ട്രോൾ' പോയി നിൽക്കുന്ന ഒരു കൂട്ടരായി കണക്കാക്കി ഞങ്ങൾ ചികിത്സകരെ അപമാനിക്കരുത്.
ചികിത്സയുടെ അടയാളങ്ങൾ ബഹുദൈവാരാധനയല്ല. ഓരോ രോഗിയിലും കാണുന്ന വിഷമവും വേദനയും മാറ്റുന്നത് ഞങ്ങൾക്ക് ആരാധനയാണ്. ഭൂമിയിലെ മനുഷ്യർക്ക് മരിക്കുവോളവും ശേഷവും തണലാകുന്ന തൊഴിലാണ് ഞങ്ങളുടേത്. ഇങ്ങോട്ട് മതം വേണ്ട, ആൺപെൺ വേർതിരിവ് വേണ്ട.
ആശുപത്രിക്കകവും നിങ്ങൾ മറയിട്ട് വേർതിരിക്കേണ്ട...ആശുപത്രികളോളം വേദന കാണുന്ന ഒരു ആരാധനാലയവുമില്ല. ഉച്ചത്തിലുള്ള പ്രാർത്‌ഥനകൾക്ക് ഞങ്ങളോളം സാക്ഷ്യം വഹിച്ചവരുമുണ്ടാകില്ല...
അഭിപ്രായങ്ങള്‍