ശുദ്ധികലശവും പാപപരിഹാരക്രിയയും

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയുടെയും ദേവസ്വം ബോർഡ് ചെയർമാന്റെയും സത്വരപരിഗണനക്കും പരിഹാരത്തിനുമായി സമർപ്പിക്കുന്ന പ്രമേയം. ഒന്ന്. പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺ കുഞ്ഞ് ശബരിമല ക്ഷേത്രസന്നിധിയിൽ പ്രവേശിച്ചത് ഒരു വലിയ ആചാരലംഘനമായി കാണുകയും അത് ഭഗവാന് അശുദ്ധി ഉണ്ടാക്കിയതായി പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് പരിണിതപ്രജ്ഞരായ അംഗങ്ങൾ അടങ്ങിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്ത്രിയുടെ നിർദേശപ്രകാരം ശുദ്ധികലശവും പാപപരിഹാരക്രിയയും തീരുമാനിച്ചിരിക്കുകയാണ്.ഈ പതിനാലാം തീയതിയാണ് അതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുവാൻ ആഗ്രഹിക്കുന്നു. രണ്ട്. നൂറു ശതമാനം സാക്ഷരത നേടി എന്ന് അഭിമാനിക്കുന്ന കേരളീയ സമൂഹത്തിനു മുന്നിലാണ് പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു ബാലികയെ ആചാര ലംഘനമെന്ന പേരിൽ പരസ്യ വിചാരണ നടത്തിയിരിക്കുന്നത്. ഈശ്വരന് ആൺ കുഞ്ഞും പെൺ കുഞ്ഞും തമ്മിൽ വ്യത്യാസമുണ്ടെന്ന കണ്ടെത്തൽ തികച്ചും മനുഷ്യനിർമ്മിതമായ ഒന്നാണ്. ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും മനുഷ്യനിർമ്മിതമാണ്. സ്ത്രീ സാന്നിധ്യം നിഷേധിച്ചിട്ടുള്ള ഒരു ക്ഷേത്ര സന്നിധിയിലേക്ക് കടന്നു ചെല്ലുക എന്നുള്ളത് ഇവിടെ ഒരു സ്ത്രീയുടെയും പരിഗണനാവിഷയവുമല്ല. കള്ളനും കൊലപാതകിക്കും രാഷ്ട്രീയക്കാർക്കും അഴിമതി വീരന്മാർക്കും പ്രവേശനം കൊടുക്കുന്ന ഒരു സ്ഥാപനം സ്ത്രീക്ക് പ്രവേശനം നിഷേധിക്കുന്നത് എന്തിനു എന്ന ചോദ്യവും ഞങ്ങൾ ഉന്നയിക്കുന്നില്ല. കാടിന്റെ വിശുദ്ധിയും പവിത്രതയും പരിസ്ഥിതിയും മലിനമാക്കുന്ന ഒരു പ്രവേശനവും അവിടെ അനുവദിക്കരുത് എന്നാണു ഞങ്ങളുടെ വിശ്വാസവും. പ്ലാസ്റ്റിക്കും മാലിന്യങ്ങളും തിന്നു ചത്തൊടുങ്ങുന്ന ജീവജാലങ്ങളുടെ കണക്കെടുത്താൽ അത് ഞെട്ടിപ്പിക്കുന്ന ഒന്നായിരിക്കും. അതിനൊന്നും പരിഹാരം കാണാൻ ശ്രമിക്കാതെ നിഷ്കളങ്കയായ ഒരു കുഞ്ഞിനെ “ ഞാൻ പെൺ കുട്ടിയാണ് എനിക്ക് അശുദ്ധി ഉണ്ട്, ഞാൻ കയറാൻ പാടില്ലാത്ത ഇടങ്ങൾ ഉണ്ട്, അവിടെ കയറിയാൽ ഞാൽ പാപിനി ആകും “ എന്നൊക്കെ ഉള്ള തെറ്റായ സന്ദേശം പെൺകുഞ്ഞുങ്ങൾക്കാകെ നല്കുന്ന ഈ തെറ്റായ നടപടി അങ്ങേയറ്റം പ്രാകൃതവും പരിഷ്കൃത ജനസമൂഹത്തിന് ചേരാത്തതുമാണ്. ഇങ്ങനെ ഒരു പരസ്യ വിചാരണയിലൂടെ സ്ത്രീസമൂഹത്തെ മാത്രമല്ല, നമ്മുടെ ജനാധിപത്യബോധത്തെ തന്നെയാണ് ക്ഷേത്രാധികാരികൾ പരിഹസിക്കുന്നത്. മൂന്ന്. വിഗ്രഹങ്ങൾ ഭഞ്ജിക്കാൻ ഉള്ളതും ആചാരങ്ങൾ ലംഘിക്കാൻ ഉള്ളതും ആണെന്ന് പഠിപ്പിച്ച നവോത്ഥാന നായകരുടെ നാടാണ് കേരളം. രാജശാസനങ്ങളെയും വേദപ്രമാണങ്ങളെയും വെല്ലു വിളിച്ചു കൊണ്ട് ശ്രീനാരായണഗുരു നടത്തിയ വിഗ്രഹ പ്രതിഷ്ഠയുടെ പേരിൽ സമാധി മണ്ഡപങ്ങളിൽ പ്രസംഗിക്കുകയും അതിനെ ആചാരലംഘനമെന്നു ആഘോഷിക്കുകയും ചെയ്യുന്ന നവകേരള ജനാധിപത്യവാദികൾ കേൾക്കെ യാണ് ദൃശ്യമാധ്യമങ്ങളിലൂടെ തന്ത്രിയും ദേവസ്വം ബോർഡ്‌ അധികാരികളും ചേർന്ന് പെൺ കുഞ്ഞിനെതിരെയുള്ള പരസ്യ വിചാരണ നടത്തിയത്. ഒരു പെൺ കുഞ്ഞ് ക്ഷേത്ര സന്നിധിയിൽ എത്തിയാൽ ഈശ്വരന് ആശുദ്ധിയുണ്ടാകുമോ? എങ്കില്‍തന്നെ അത് ക്ഷേത്രത്തിനുള്ളിൽ തീർക്കേണ്ട വിഷയമല്ലേ? പൊതുജനമധ്യത്തിൽ വിചാരണ ചെയ്തുകൊണ്ട് പുരോഗമന ചിന്തകളെ എല്ലാം പരിഹസിക്കുന്ന മട്ടിൽ ആയത് അപലപിക്കപ്പെടെണ്ടത് തന്നെയാണ്.അത് സമൂഹത്തിൽ തെറ്റായ ഒരു സന്ദേശം പ്രചരിപ്പിക്കുന്നതിന് ഇടയാകും. പതിനാലാം തീയതി നടക്കാൻ പോകുന്ന ഈ ശുദ്ധികലശവും പാപപരിഹാരക്രിയയും ജനാധിപത്യ കേരളത്തിനു ഒരിക്കലും മായ്ക്കാൻ ആകാത്ത ഒരു കറുത്ത പാട് ആയിരിക്കും എന്നതിന് സംശയമില്ല. ജനാധിപത്യവിശ്വാസികളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരും അവരാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ബോർഡും ഇതിനു കൂട്ട് നില്ക്കുന്നു എന്നത് അപമാനകരമാണ്. മേലിൽ ഇത്തരം നടപടികൾ ഉണ്ടാകാതെ ശ്രദ്ധിക്കാനുള്ള സംവിധാനം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം