അയ്യങ്കാളി









സവര്‍ണ്ണഫാസിസം ഇപ്പോള്‍ മാനുഷിക മുല്ല്യങ്ങള്‍ക്ക് നേരെയുയുള്ള ഒരു കടന്നു കയറ്റത്തെ അടയാളപ്പെടുത്തുന്നു ചുംബന സമരവും,ആര്‍ത്തവക്കാരിയും പിന്നെ ഐഡിയോളജിക്കലി സവര്‍ണ്ണ ഫാസിസത്തിന്റെ സത്ത പേറുന്ന സംഘപരിവാര്‍ എന്ന പ്രസ്ഥാനത്തിന്റെ ഭരണാരോഹണം ജനാധിപത്യസമൂഹത്തെ നിരന്തരമായി ഭീതിയുടെ നിഴലില്‍ നിര്‍ത്തുകയാണ് ഈ അവസരത്തില്‍ "അയ്യങ്കാളി"യുടെ ജീവ ചരിത്രം നമ്മുക്കൊന്നു പരിശോധിക്കാം .
അയ്യങ്കാളി
**************
പത്തൊന്‍പതാം നൂറ്റാണ്ടിന്‍െറ ഉത്തരാര്‍ധത്തില്‍ കേരളത്തില്‍ ജീവിച്ചിരുന്ന സാമൂഹിക നവോത്ഥാന നായകരെക്കുറിച്ച് നിങ്ങള്‍ കേട്ടുകാണുമല്ലോ അതില്‍ ഒരാളാണ് അയ്യങ്കാളി . സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി സാഹസികമായി ജീവിക്കാന്‍ ഒരു സമൂഹത്തെ പഠിപ്പിച്ച അപൂര്‍വ്വം കേരളീയ സാമൂഹ്യനവോത്ഥാന നായകരില്‍ അഗ്രഗണ്യനാണ് മഹാത്മ അയ്യങ്കാളി.
അധ്വാനവര്‍ഗത്തിന്‍െറ പടനായകരില്‍ ആദ്യത്തെ പേരുകാരനായ അയ്യങ്കാളി വിടവാങ്ങിയിട്ട് ഇന്നേക്ക് 73 വര്‍ഷം കഴിയുന്നു .
ആരായിരുന്നു അയ്യങ്കാളി ?
************************************
അയിത്തവും അനാചാരങ്ങളും ഉള്‍പ്പെടെയുളള ജാതീയ ഉച്ചനീചത്വങ്ങള്‍ കൊടികുത്തിവാണിരുന്ന കേരളത്തില്‍ അവര്‍ണര്‍ക്കുവേണ്ടി പോരാടിയ അജയ്യനായ നേതാവായിരുന്നു അയ്യങ്കാളി.
1863 ആഗസ്റ്റ് 28നാണ് അയ്യങ്കാളി തിരുവനന്തപുരത്തെ വെങ്ങാനൂരില്‍ ജനിച്ചത്. അയ്യന്‍ പുലയനും മാലയും ആയിരുന്നു അച്ഛനമ്മമാര്‍. അച്ഛൻ പെരുങ്കാട്ടുവിള വീട്ടിൽ അയ്യൻ. അമ്മ മാല. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് അയ്യൻ‌കാളിയായി എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയ സമുദായത്തിലായിരുന്നു അയ്യൻ‌കാളി ജനിച്ചുവീണത്.
സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻ‌കാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചതോടെ ദളിതരുടെ അനിഷേധ്യനേതാവായിമാറി. ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, ഹിന്ദു മതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ ഭൌതികമായി തന്നെ എതിര്ക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ.
ചെറുപ്രായത്തില്‍ തന്നെ ജാതീയമായ അവഗണനക്കെതിരെ ശക്തമായി പ്രതിഷേധിച്ച് തന്‍േറതുള്‍പ്പെടെയുളള അധകൃത സമൂഹത്തോട് മേല്‍ജാതിക്കാര്‍ പുലര്‍ത്തിയിരുന്ന പീഡനമുറകള്‍ക്കെതിരെ അയ്യങ്കാളി ശക്തമായി തന്നെ ശബ്ദമുയര്‍ത്തി.
പറയർ, പുലയർ തുടങ്ങിയ അധഃസ്ഥിതർക്ക് തിരുവിതാംകൂറിലും കേരളത്തിന്റെ ഇതരഭാഗങ്ങളിലും പാടത്തു പണിയെടുക്കുന്ന കന്നിന്റെ വിലയേ ജന്മിമാർ കല്പിച്ചു നൽകിയുരുന്നുള്ളൂ. ദാരിദ്ര്യവും അവഗണനയും അപമാനങ്ങളും മാത്രമായിരുന്നു കാളിയുടെ മാതാപിതാക്കളുടെയും സമുദായാംഗങ്ങളായ മറ്റുള്ളവരുടെയും സമ്പാദ്യം. അക്കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാൻ ജന്മിമാർക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായത്തെ കണ്ടിരുന്നത്. ആയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്ക് അവകാശമുണ്ടായിരുന്നില്ല. സ്വസമുദായത്തിന്റെ അധഃകൃത ചുറ്റുപാടുകൾ ആ മനസ്സിനെ അസ്വസ്ഥമാക്കി.
അന്നത്തെക്കാലത്ത് ജന്മിയുടെ കൃഷിസ്ഥലത്താണ് എല്ലാ അവര്‍ണരും ജോലിചെയ്തിരുന്നത്. ജോലിക്ക് കൂലി എന്നൊരു സമ്പ്രദായംതന്നെ അന്നില്ലായിരുന്നു. പകലന്തിയോളം പണിയെടുത്താലും ലഭിക്കുന്നത് ജന്മി നല്‍കുന്ന നാഴി അരിയോ തേച്ചുകുളിക്കാനുളള ഒരിത്തിരി എണ്ണയോ ആയിരിക്കും.
ജന്മിമാരുടെ നെല്ലറകൾ നിറയ്ക്കാൻ അഹോരാത്രം പണിയെടുക്കുക എന്നതു മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അധഃസ്ഥിതർക്കു കല്പിച്ചു നൽകിയ ധർമ്മം. പാടത്തു പണിയെടുത്തുവരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇലവച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധഃസ്ഥിതർ രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല; ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹിഷ്കരണങ്ങളാൽ ദുരിതപൂർവമായിരുന്നു അയ്യൻ‌കാളി ഉൾപ്പെടുന്ന അധഃസ്ഥിതരുടെ ജീ‍വിതം. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല. അയിത്തജാതിക്കാരായി കല്പിച്ചിരുന്ന അവര്‍ക്ക് പൊതുവഴി, പൊതു കിണര്‍, ആരാധനാലയങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവയിലൊന്നും പ്രവേശം അനുവദിച്ചിരുന്നില്ല. അന്നത്തെ പ്രധാന വാഹനമായ വില്ലു വണ്ടിയില്‍ സഞ്ചരിക്കാനോ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മാറു മറയ്ക്കാനോ അനുവാദം ഉണ്ടായിരുന്നില്ല. ഇതിനെതിരെ ശക്തമായി അയ്യങ്കാളി ശബ്ദിച്ചു.
ചുറ്റുംനടമാടിയ ഉച്ചനീചത്വങ്ങൾക്കെതിരെ അധഃസ്ഥിതരുടെ ഇടയിൽ നിന്നും ആദ്യമുയർന്ന സ്വരമായിരുന്നു അയ്യൻ‌കാളിയുടേത്. സ്വസമുദായത്തിൽനിന്നുതന്നെ ഉയർന്ന എതിർപ്പുകൾ അവഗണിച്ച് മുപ്പതാം വയസിൽ കിരാത നിയമങ്ങൾക്കെതിരെ അദ്ദേഹം പോരിനിറങ്ങി. തുടക്കത്തിൽ അദ്ദേഹം ഏകനായിരുന്നു. പിന്നീട് ഏതാനും യുവാക്കളെ സംഘടിപ്പിച്ചു. ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാൻ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകൾ പരിശീലിപ്പിച്ചു. തന്റെ കൂടെയുള്ളവരെ ഒരേറ്റുമുട്ടലിനു സജ്ജമാക്കുകയായിരുന്നു അയ്യൻ‌കാളി.
1893ല്‍ വെങ്ങാനൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തി. താന്‍ വിലക്കു വാങ്ങിയ വില്ലുവണ്ടിയില്‍ കൊഴുത്ത രണ്ടു വെള്ളക്കാളയെ ബന്ധിച്ചും അവയുടെ കഴുത്തിലും കൊമ്പിലും മണികള്‍ കെട്ടി ഉയര്‍ന്നതരം മല്‍മല്‍ മുണ്ട് നീട്ടിയുടുത്ത് മേല്‍മുണ്ടും തലപ്പാവും ധരിച്ച് രാജകീയ പ്രൗഢിയോടെ ചാലിയത്തെരുവു വഴി ആറാലുംമൂട് ചന്തയിലേക്ക് അയ്യങ്കാളി നടത്തിയ ജൈത്രയാത്ര അധസ്ഥിത വര്‍ഗത്തിന്‍െറ വിമോചനത്തിനുളള സമരകാഹളം ആയിരുന്നു.ആവേശഭരിതരായ അനുയായികൾ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. സ്വന്തം സമുദായത്തിലുള്ളവർ ആദരപൂർവം അദ്ദേഹത്തെ അയ്യൻ‌കാളി യജമാനൻ എന്നുവിളിക്കുവാൻ തുടങ്ങി.
സമൂഹത്തിന്‍െറ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഒരുപറ്റം ആളുകള്‍ക്ക് വഴി നടക്കാനും അക്ഷരവിദ്യ അഭ്യസിക്കാനുമുള്ള അനുവാദത്തിനുവേണ്ടി അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ കേരളത്തിലെ സാമൂഹിക -സാമുദായിക നവോത്ഥാനത്തിന് അടിത്തറ പാകി.
അധസ്ഥിത വര്‍ഗത്തിന് നിഷിദ്ധമായിരുന്ന വിദ്യാഭ്യാസത്തിന്‍െറ പാതകള്‍ തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ‘സാധുജനപരിപാലന സംഘം’ എന്ന സംഘടന അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 1907ല്‍ സ്ഥാപിതമായി.
വിദ്യാവിഹീനനായിരുന്ന അയ്യങ്കാളി വളരെ പണിപ്പെട്ടാണ് തന്‍െറ പേര് മലയാളത്തില്‍ എഴുതാന്‍ പഠിച്ചത്. ഈ ദുരവസ്ഥ തന്‍െറ സമൂഹത്തിനുണ്ടാകരുതെന്ന ചിന്തയില്‍ വെങ്ങാനൂരില്‍ ഒരു കുടിപ്പളളിക്കൂടം തുറന്നു. എന്നാല്‍, സവര്‍ണ വര്‍ഗത്തിന്‍െറ എതിര്‍പ്പുമൂലം അത് തുടരാന്‍ കഴിഞ്ഞില്ല. പൊതു വിദ്യാലയങ്ങളില്‍ ഹരിജന വിദ്യാര്‍ഥികള്‍ക്ക് പ്രവേശം വേണമെന്ന് അദ്ദേഹം വാദിച്ചു.
അയ്യങ്കാളിയുടെയും കൂട്ടരുടെയും നിരന്തരമായ അപേക്ഷ മാനിച്ചുകൊണ്ട് 1914ല്‍ ഹരിജന ശിശുക്കള്‍ക്ക് വിദ്യാലയ പ്രവേശം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്തരവിറക്കി. കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്കൂളില്‍ ചേര്‍ത്തു. എക്കാലത്തെയും വലിയ വാര്‍ത്തകളിലൊന്നായിരുന്നു അത്.
അയ്യൻ‌കാളിയുടെ നടപടികളെ സ്വാഭിവകമായും ജന്മിമാർ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. 1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അയ്യൻ‌കാളിയുടെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളിൽ അധഃസ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും ഇതര അധഃസ്ഥിത ജനവിഭാഗങ്ങൾക്കിടയിലും അയ്യൻ‌കാളി ആരാധ്യ പുരുഷനായി.
തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യൻ‌കാളിയായിരുന്നു. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാൻ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളിൽ അധഃസ്ഥിത വിഭാഗങ്ങളിൽപ്പെട്ടവർ പണിക്കിറങ്ങിയില്ല. തുടക്കത്തിൽ സ്വയം കൃഷിയിറക്കി പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചെങ്കിലും അതു പരാജയമായി. ഒടുവിൽ പ്രതികാരബുദ്ധിയോടെ അവർ പാടങ്ങൾ തരിശിട്ടു. തൊഴിലില്ലാതെ കർഷകത്തൊഴിലാളികൾ ദുരിതക്കയത്തിലായി. എന്നാൽ മാടമ്പിമാർക്കെതിരെയുള്ള സമരത്തിൽനിന്നും പിൻ‌വലിയാൻ അവർ കൂട്ടാക്കിയില്ല. ഒടുവിൽ ജന്മിമാർ കീഴടങ്ങി. തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905-ൽ സമരം ഒത്തുതീർപ്പായി. അയ്യൻ‌കാളിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കർഷത്തൊഴിലാളി മുന്നേറ്റത്തിനു ഊർജ്ജം പകർന്നതെന്നു സാമൂഹിക ഗവേഷകർ വിലയിരുത്തുന്നു.
പുലയജാതിയിൽ ജനിച്ച അയ്യങ്കാളിക്ക് ചെറുപ്പത്തിലേ തന്നെ അനുഭവിക്കേണ്ടി വന്ന ഒരു സാമൂഹിക അസമത്വമാണ് സഞ്ചാര സ്വാതന്ത്ര്യ നിഷേധം. വഴികളിലൂടെ മനുഷ്യനു നടക്കാനുള്ള അവകാശം നിഷേധിക്കുന്നതിനെ അയ്യങ്കാളി ശക്തമായി എതിർത്തിരുന്നു. ഇതിനെതിരേ അയ്യങ്കാളി കണ്ടെത്തിയ സമരമാർഗ്ഗമായിരുന്നു വില്ലുവണ്ടി സമരം. അക്കാലത്ത് ഉന്നതജാതിക്കാർ മാത്രം ഉപയോഗിച്ചിരുന്ന വില്ലുവണ്ടി വാങ്ങി അതിൽ യാത്ര ചെയ്യുക എന്നതായിരുന്നു അദ്ദേഹം കണ്ടെത്തിയ സമരമാർഗ്ഗം. പ്രൗഢഗംഭീരവേഷങ്ങളുമണിഞ്ഞ് രാജകീയമായാണ് അയ്യങ്കാളി തന്റെ വില്ലുവണ്ടിയിൽ യാത്ര തുടങ്ങിയത്. സവർണ്ണ ജാതിക്കാർ ഈ യാത്ര തടഞ്ഞു. അയ്യങ്കാളി തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി സവർണ്ണരെ വെല്ലുവിളിച്ചു. അയ്യങ്കാളിയെ എതിരിടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയിൽ യാത്ര തുടർന്നു. കേരളത്തിലെ സഞ്ചാരസ്വാതന്ത്ര്യനിഷേധത്തിനെതിരേ അയ്യങ്കാളി നടത്തിയ ആ ഒറ്റയാൾ പോരാട്ടം ചരിത്രത്തിലെ ധീരോദാത്തമായ ചുവടുവെയ്പാണ്
1911 ഡിസംബര്‍ 5ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി നാമനിര്‍ദേശം ചെയ്തു. 1912 ഫെബ്രുവരി 26ന് വി.ജെ.ടി ഹാളില്‍ ചേര്‍ന്ന പ്രജാസഭയുടെ എട്ടാമത് യോഗത്തില്‍ അയ്യങ്കാളിയും പങ്കുകൊണ്ടു. വെള്ളക്കുതിരകളെ പൂട്ടിയ വില്ലുവണ്ടിയില്‍ വന്നിറങ്ങിയ അദ്ദേഹം ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. ആറടിക്കുമേല്‍ ഉയരവും കസവു തുന്നിയ തലപ്പാവും കറുത്ത കോട്ടും കുങ്കുമപ്പൊട്ടും മല്‍മല്‍മുണ്ടും മേല്‍വേഷ്ടിയും ചെരിപ്പും ധരിച്ച് അദ്ദേഹം പ്രജാമണ്ഡലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇദ്ദേഹമല്ലേ ദിവാനെന്ന് സന്ദര്‍ശകര്‍ അദ്ഭുതപ്പെട്ടതായി മന്നത്തു പത്മനാഭന്‍ തന്‍െറ ‘ഭൂതകാല സ്മരണകള്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 25 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം പ്രജാസഭാംഗമായിരുന്നു. അക്കാലമത്രയും ഹരിജനങ്ങളുടെ അവശതകള്‍ പരിഹരിച്ചുകിട്ടുവാന്‍ പരിശ്രമിച്ചുപോന്നു.
പുരുഷന്മാരുടേതുപോലെയായിരുന്നു മുൻപ് കേരളത്തിലെ സ്ത്രീകളുടെയും വസ്ത്രധാരണരീതി. അരയ്ക്കുമുകളിൽ സ്ത്രീകൾ വസ്ത്രം ധരിക്കണമെന്നത് ക്രിസ്ത്യാനികളുടെയും മുസ്ലീകളുടെയും മാത്രം ആചാരമായിരുന്നു. പദവിയെ പ്രതിനിധീകരിക്കേണ്ടതായ സന്ദർഭങ്ങളിലും ആഡംബരം കാണിക്കുന്നതിനും വേണ്ടിയായിരുന്നു അക്കാലത്ത് മേൽമുണ്ടോ അരയ്ക്കുമുകളിൽ വസ്ത്രമോ ഉപയോഗിച്ചിരുന്നത്. വസ്ത്രധാരണസങ്കല്പ്പങ്ങളിൽ സ്ത്രീപുരുഷഭേദമില്ലാതിരിക്കുകയും ജാതിപരമായ ഉച്ചനീചത്വം തലയുയർത്തി നിൽക്കുകയും ചെയ്തിരുന്ന അക്കാലത്ത് അധഃസ്ഥിതരെന്നു കരുതപ്പെട്ടിരുന്ന എല്ലാവരെയും മേൽവസ്ത്രം ഉപയോഗിക്കുന്നതിൽ നിന്നും കർശനമായി വിലക്കിയിരുന്നു. എന്നാൽ വൈദേശിക സംസ്കാരങ്ങളുടെ കാഴ്ചപ്പാടിൽ ഇത് സദാചാരലംഘനമായി കരുതപ്പെട്ടു.കർഷകത്തൊഴിലാളി സമരത്തിൽ നിന്നും ലഭിച്ച ഊർജ്ജവുമായി അയ്യൻ‌കാളി ഈ അനീതിക്കെതിരെ പോരാടാനുറച്ചു. തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലുമാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണത്തിന്റെ വക്താക്കൾ ഇതു ധിക്കാരമായി കരുതി. അയ്യൻ‌കാളിയെ അനുസരിച്ച സാധുജനങ്ങളെ അവർ വേട്ടയാടി. അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ മുലകൾ അറുത്തുകളഞ്ഞു. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മർദ്ദിച്ചു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തിൽ ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ അരങ്ങേറിയത്. 1936ലെ ക്ഷേത്രപ്രവേശ വിളംബരത്തിലേക്ക് നയിച്ച നിയമനിര്‍മാണ നടപടികള്‍ക്കു പിന്നില്‍ അയ്യങ്കാളിയുടെ സ്വാധീനം വളരെ വലുതാണ്.
സവർണ്ണരുടെ കിരാതപ്രവർത്തനങ്ങൾ ഏറിയപ്പോൾ മർദ്ദിത ജനവിഭാഗങ്ങൾ ഉണർന്നു. അവർ പ്രത്യാക്രമണത്തിനു തയാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപഭൂമികളായി.
രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന് ജനവിഭാഗങ്ങൾ കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാൻ അയ്യൻ‌കാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടർന്ന് നാടും വീടും വിട്ടവർ ഈ സമ്മേളന വേദിയിലേക്കിരച്ചെത്തി. 1915-ൽ നടന്ന ചരിത്ര പ്രസിദ്ധമായ ഈ മഹാസഭയിൽവച്ച് ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അയ്യൻ‌കാളിയുടെ ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ കല്ലുമാലകൾ അറുത്തുമാറ്റി. കീഴാള ജനവിഭാഗങ്ങൾ നടത്തിയ വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്.
1937 ജനുവരി 14ന് വെങ്ങാനൂരില്‍ നടന്ന ഒരു മഹാസമ്മേളനത്തില്‍ മഹാത്മാ ഗാന്ധി അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.
കല്ലുമാല സമരം
**********************
സ്ത്രീകളുടെ, പ്രത്യേകിച്ച് അധ:സ്ഥിത സമുദായത്തിൽപ്പെട്ട സ്ത്രീകളുടെ പോരാട്ടങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് കല്ലുമാല സമരം. പുലയർ തുടങ്ങിയ അധ:സ്ഥിത വിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾ അവരുടെ ജാതി അടിമത്തത്തിന്റെ അടയാളമെന്ന രീതിയിൽ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തക്കൾ ആഭരണമായി ധരിക്കണമെന്ന നിർബന്ധം ഒരു കാലത്ത് കേരളത്തിലുണ്ടായിരുന്നു. അയ്യൻകാളി നേതൃത്വം കൊടുത്ത കല്ലുമാല ബഹിഷ്കരണ സമരം ഈ ആചാരത്തിനെതിരെയുള്ള പോരാട്ടമായിരുന്നു.
കല്ലുമാല ബഹിഷ്കരിക്കുന്നത് ജാത്യാചാര ലംഘനമാണെന്നും പുലയ സ്ത്രീകൾ വീണ്ടും കല്ലുമാല ധരിക്കണമെന്നാവശ്യപ്പെട്ടു സവർണർ സമരക്കാരെ ആക്രമിക്കുക പതിവായിരുന്നു. പക്ഷെ ഒരടിക്ക് പകരം രണ്ടടിയെന്ന അയ്യൻകാളിയുടെ വിപ്ലവ മുദ്രാവാക്യത്തിൽ ആവേശഭരിതരായിരുന്ന മറുപക്ഷം തിരിച്ചടിച്ചു. കല്ലുമാല ബഹിഷ്കരണ സമരം ഇത്തരത്തിൽ രക്തരൂക്ഷിതമായിക്കൊണ്ടിരിക്കെ, 1915 ൽ കൊല്ലം പീരങ്കിമൈതാനിയിൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ വിപുലമായ സമ്മേളനം നടന്നു. സവർണ്ണരുടെ അക്രമത്തെതുടർന്ന് വീടുപേക്ഷിച്ചുപോയവരടക്കം ആയിരക്കണക്കിന് പുലയ സ്ത്രീകൾ ഈ സമ്മേളനത്തിൽ ഒത്തു ചേർന്നു. ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമ്മേളനത്തിനെത്തിയ സ്ത്രീകൾ തങ്ങളുടെ കഴുത്തിലെ കല്ലുമാലകൾ പൊട്ടിച്ചെറിഞ്ഞു. തെക്കൻ തിരുവിതാംകൂറിൽ സാമൂഹിക-സാമുദായിക -രാഷ്ട്രീയ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച ചാന്നാർ സ്ത്രീകളുടെ മേൽമുണ്ട്‌ കലാപത്തിൻറെ പിന്തുടർച്ചയായിരുന്നു പുലയ സ്ത്രീകളുടെ കല്ലുമാല സമരം.
1941 ജൂണ്‍ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്‍മനിരതനായിരുന്നു. മഹാനായ ആ സാമൂഹിക പരിഷ്കര്‍ത്താവിന്‍െറ സ്മരണ നിലനിര്‍ത്തി വെങ്ങാനൂരില്‍ അദ്ദേഹത്തിന്‍െറ ശവകുടീരവും പ്രതിമയും ചരിത്രസ്മാരകമായി സംരക്ഷിച്ചിട്ടുണ്ട്.
ആര്‍ത്തവക്കാരി എന്ന പേരില്‍ ഒരു സ്ത്രിയെ പൊതു വാഹനത്തില്‍ നിന്നും ഇറക്കി വിട്ടതിനെ ന്യായികരിക്കുന്ന ഓരോ സംഘ പരിവാര്‍ ആളുകള്‍ക്കും വേണ്ടി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു ഇതൊരു ഓര്‍മ്മ പെടുത്തല്‍ മാത്രം സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി സാഹസികമായി ജീവിക്കാന്‍ ഒരു സമൂഹത്തെ പഠിപ്പിച്ച അപൂര്‍വ്വം കേരളീയ സാമൂഹ്യനവോത്ഥാന നായകരില്‍ അഗ്രഗണ്യനാണ് മഹാത്മ അയ്യങ്കാളി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നബിയുടെ മക്കളുടെ വിവാഹം

നബിയുടെ അമാനുഷികത ( മുഅജിസത്ത്)

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഖുര്‍ആന്‍ പലവിധം