ഓഹരി വിപണിയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍
ഓഹരി വിപണിയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍
******************************************************
നിങ്ങള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനൊരുങ്ങുകയാണ് എന്ന് പറഞ്ഞുനോക്കൂ. നിങ്ങളെ പിന്തിരിപ്പിക്കാന്‍ ധാരാളം പേര്‍ കാണും. ഓഹരി നിക്ഷേപത്തെക്കുറിച്ച് പൊതുവെ
യുള്ള തെറ്റിദ്ധാരണകളാണ് ഇതിന് കാരണം. ഇത്തരത്തിലുള്ള കുറച്ചു പ്രമുഖ തെറ്റിദ്ധാരണകള്‍ താഴെപ്പറയുന്നവയാണ്.
1. ഓഹരി വിപണിയിലെ നിക്ഷേപം ചൂതാട്ടമാണ്
ആളുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപത്തിന് തയാറാകാത്തതിന് പ്രധാന കാരണം ഓഹരിവിപണിയില്‍ നടക്കുന്നത് ചൂതാട്ടമാണെന്ന് കരുതുന്നതുകൊണ്ടാണ്. ചൂതാട്ടത്തില്‍ തോല്‍ക്കുന്നയാള്‍ ജയിക്കുന്നയാള്‍ക്ക് പണം നല്‍കുന്നു. അവിടെ ഒരു മൂല്യവും സൃഷ്ടിക്കപ്പെടുന്നില്ല. മറിച്ച് ഓഹരി വിപണിയില്‍ നിങ്ങള്‍ ഒരു കമ്പനിയുടെ ബിസിനസില്‍ നിക്ഷേപിക്കുകയാണ്. കമ്പനി വളരുമ്പോള്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും വര്‍ധിക്കുന്നു. അത് ഓഹരി വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. അപ്രകാരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാനും സാധിക്കും. ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ നാം രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ശക്തി വര്‍ധിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.
2. ഓഹരി വിപണി പണക്കാര്‍ക്കുള്ളതാണ്
ഓഹരി വിപണിയില്‍ നിക്ഷേപിക്കാത്തതിന് കാരണമായി പലരും പറയുന്നത് കൈയില്‍ പണമില്ല എന്നാണ്. നിക്ഷേപത്തിന് ലക്ഷങ്ങള്‍ വേണം എന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. പണക്കാരനായതിനുശേഷം നിക്ഷേപിക്കാം എന്ന മനോഭാവം മാറ്റിവെച്ചിട്ട് നിക്ഷേപത്തിലൂടെ പണക്കാരാനാകാന്‍ തീരുമാനിച്ചാല്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. മാസം 500 രൂപ മാറ്റിവെക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപിച്ചു തുടങ്ങാം.
അടുത്ത തവണ ശമ്പളം കിട്ടുമ്പോള്‍ അതിന്റെ 20 ശതമാനം സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി നീക്കിവെക്കുക. 80 ശതമാനം മാത്രം ചെലവഴിക്കുക. ഇതിനുള്ള തീരുമാനം ഇന്നേ എടുക്കണമെന്നു മാത്രം.
3. സമയം തീരെയില്ല
ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നയാള്‍ രാവിലെ മുതല്‍ വൈകിട്ട് വരെ അതിന്റെ ചലനങ്ങള്‍ ശ്രദ്ധിച്ച് ജാഗരൂകരായിരിക്കണം എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നുണ്ട്. സമയം തീരെയില്ലാത്തവര്‍ക്ക് ഹൃസ്വകാല- ദീര്‍ഘകാല നിക്ഷേപതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാവുന്നതാണ്. ആറു മാസം, ഒരു വര്‍ഷം, പത്തു വര്‍ഷം എന്നിങ്ങനെ അനുയോജ്യമായ കാലാവധി തെരഞ്ഞെടുക്കാം.നിങ്ങള്‍ ജോലി ചെയ്യുന്നത് പണം ഉണ്ടാക്കാന്‍ വേണ്ടിയാണ്, എന്നാല്‍ നിക്ഷേപിക്കുന്ന പണം നിങ്ങള്‍ക്കായി ജോലി ചെയ്യുകയും സമ്പത്ത് സൃഷ്ടിക്കുകയും ചെയ്യുന്നു. സ്ഥിര നിക്ഷേപത്തെക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കാന്‍ ഓഹരി വിപണിയിലെ നിക്ഷേപം വഴിസാധിക്കും എന്നും മനസിലാക്കുക.
4. ഓഹരി വിപണിയിലെ നിക്ഷേപത്തിന് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത വേണം
ഓഹരി വിപണിയില്‍ നിക്ഷേപിക്കണമെങ്കില്‍ സാമ്പത്തിക ശാസ്‌ത്രജ്ഞനാകണമെന്ന ധാരണ പൊതുവെയുണ്ട്. ഇത് തീര്‍ത്തും തെറ്റാണ്. നിക്ഷേപം തുടങ്ങാന്‍ മൂന്ന് ഗുണങ്ങളാണ് പ്രധാനമായും വേണ്ടത്. ഒന്ന് - സാമാന്യബോധം, രണ്ട് - പഠിക്കാനുള്ള ആഗ്രഹം മൂന്ന് - കുറച്ചു സമയം ചെലവഴിക്കാനുള്ള മനസ്. ആദ്യമേ ചെയ്യേണ്ടത് ഓഹരി വിപണിയെക്കുറിച്ച് പഠിക്കാന്‍ തയാറാവുക എന്നതാണ്. ഇതിനായി ബുക്കുകളും മറ്റും വായിക്കുക, സെമിനാറുകളിലും മറ്റും പങ്കെടുക്കുക എന്നിവ ചെയ്യാവുന്നതാണ്. അറിവുള്ള ആളുകളോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുക നെഗറ്റീവ് വശം പറയുന്നവരെ അടുപ്പിക്കാതെ ശ്രദ്ധിക്കുക കാരണം അവര്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് നഷ്ട്ടങ്ങള്‍ വരുത്തും
`പഠനമാണ് നേട്ടത്തിന്റെ അടിത്തറ'.
5. ഓഹരി വിപണിഇടിയുമ്പോള്‍ നിങ്ങളുടെ പണം നഷ്‌ടമാകും.
ആളുകളെ ഓഹരി വിപണിയില്‍ നിന്ന് ഏറ്റവുമധികം അകറ്റുന്ന തെറ്റിദ്ധാരണയാണിത്. ഓഹരി വിലകള്‍ കുറയുകയും വിപണി ചിലപ്പോള്‍ തകര്‍ച്ചയെ നേരിടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഓഹരി വിപണിയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ട് എന്നതാണ് മനസിലാക്കേണ്ട ഒരു കാര്യം. അല്ലാതെ ഇടിവുകള്‍ മാത്രം കാണിക്കുന്ന ഒന്നല്ല ഓഹരി വിപണി.
ഉദാഹരണത്തിന് കേരള കമ്പനിയായ വി-ഗാര്‍ഡിന്റെ കാര്യം തന്നെ എടുക്കാം. 2008 മാര്‍ച്ചില്‍ ഐ.പി.ഒ (82 രൂപ) നടത്തി ലിസ്റ്റ് ചെയ്‌ത് ആറ് മാസത്തിനുള്ളില്‍ ഇതിന്റെ ഓഹരി വില 50 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. എന്നാല്‍ ഇത് താല്‍ക്കാലിക പ്രതിഭാസം മാത്രമായിരുന്നു. ഇപ്പോള്‍ രണ്ട് വര്‍ഷത്തില്‍ താഴെമാത്രം സമയംകൊണ്ട് ഈ കമ്പനിയുടെ ഓഹരി എത്ര നിലയില്‍ എത്തിയിരിക്കുന്നു!
6. ബ്രോക്കിംഗ് കമ്പനി എല്ലാം ചെയ്‌തോളും
ഓഹരി വ്യാപാരത്തിനുള്ള എക്കൗണ്ട് തുടങ്ങിക്കഴിഞ്ഞ് എല്ലാം ബ്രോക്കിംഗ് കമ്പനി നോക്കിക്കൊള്ളും എന്ന മനോഭാവം ഒരിക്കലും പാടില്ല. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് എന്ന് മറക്കരുത്. ഡെറിവേറ്റിവ് വ്യാപാരം, ഊഹക്കച്ചവടം എന്നിങ്ങനെ വിവിധ മാര്‍ഗങ്ങള്‍ ഓഹരി വിപണിയിലുണ്ട്. എന്നാല്‍ ഇതെല്ലാം തന്നെ കൃത്യമായ ധാരണയോടെ ചെയ്യേണ്ടതാണ്. അതിനുമുമ്പ് വിപണിയിലെ നഷ്ടസാധ്യതയെക്കുറിച്ചും ശരിക്ക് മനസിലാക്കണം. തുടക്കക്കാരെ സംബന്ധിച്ച് കുറച്ചു കാലത്തേക്ക് നിക്ഷേപം നടത്തുകയാണ് സുരക്ഷിതം. അതില്‍ നിന്നും കാര്യങ്ങള്‍ കുടുതല്‍ മനസിലാക്കി വേണം മുന്നോട്ട് പോകാന്‍
7. ഇത് എനിക്ക് പറ്റിയതല്ല
ഒരാള്‍ നിക്ഷേപം നടത്തേണ്ടത് ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടാണ്. ജീവിതച്ചെലവ് ഏറിവരുന്ന ഇക്കാലയളവില്‍ മികച്ച ആദായം നല്‍കുന്ന നിക്ഷേപമാര്‍ഗങ്ങളെ ആശ്രയിക്കാതെ രക്ഷയില്ല. യാഥാസ്ഥിതികമായ നിക്ഷേപമാര്‍ഗങ്ങള്‍ മിക്കവയും തന്നെ നിക്ഷേപകന് നല്‍കുന്ന റിട്ടേണ്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ്. ഇവിടെയാണ് ഓഹരി വിപണിയിലെ നിക്ഷേപത്തിന്റെ പ്രസക്തി. കഴിഞ്ഞ 30 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഓഹരികളിലെ നിക്ഷേപം നല്ല ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്ക് കൈവരിച്ചിട്ടുണ്ട്. എന്നിട്ടും ഓഹരിവിപണിയെ നിക്ഷേപമാര്‍ഗമായി കണക്കാക്കുന്നില്ല എങ്കില്‍ അത് തീര്‍ത്തും നിരാശാജനകമാണ് ഇതിനുള്ള കാരണം നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകള്‍ ആവാം അല്ലങ്കില്‍ ഇതേ കുറിച്ചുള്ള അറിവില്ലായിമയും ഇതിന്‍റെ നെഗറ്റീവ് വശം മാത്രം കൊണ്ട് നടക്കുന്നത് കൊണ്ടാവാം
8. മറ്റേതു ബിസിനസില്‍ പണം നഷ്ട്ടം വന്നാലും പിന്നെയും ആളുകള്‍ അത് തന്നെ തുടങ്ങുന്നു എന്നാല്‍ ഓഹരി വിപണിയില്‍ നിന്നും നഷ്ട്ടം വന്നാല്‍ അത് പിന്നെ തുടരുന്നില്ല അതിനുള്ള കാരണം എങ്ങനെ ഓഹരി വിപണിയില്‍ നിന്നും പണം ഉണ്ടാക്കാം എന്നുള്ളതിനെ കുറിച്ചുള്ള ധാരണ ഇല്ലാത്തതാണ്.
9. നമ്മുടെ ആളുകളില്‍ പൊതുവേയുള്ള ഒരു സ്വഭാവമാണ് വിലകുടുംബോള്‍ മാത്രം അതില്‍ ഇടപെടുകയും എന്നിട്ട് അതില്‍ നഷ്ട്ടം വന്നു കൊണ്ട് പിന്മാറുകയും ചെയ്യുന്ന അവസ്ഥ ഒരു ഉദാഹരണം പറയാം എല്ലാവരും ഓര്‍ക്കുന്നുണ്ടാവും വാനില കൃഷി വില അങ്ങ് കുടി പോയപ്പോള്‍ എല്ലാവരും മറ്റുള്ള കൃഷികള്‍ ഒഴിവാക്കി അതിന്‍റെ പിന്നാലെ കുടി പിന്നെ അതങ്ങ് വില കുറഞ്ഞു വന്നു ഇതാണ് നമ്മുടെ ആളുകളുടെ മാനസികാവസ്ഥ ഈ രീതിയില്‍ ഇടപെട്ടാല്‍ ഉറപ്പായും നഷ്ട്ടം വരിക തന്നെ ചെയ്യും.
10. ഓഹരി വിപണിയില്‍ നിക്ഷേപ്പിക്കുന്ന വെക്തി എടുക്കാന്‍ പോകുന്ന കമ്പനി അതിന്‍റെ ഗ്രോത്ത് അതെല്ലാം ഒന്ന് പഠിച്ചു വെക്കുന്നത് വളരെ നല്ലതാണ്. ഇതൊന്നും നോക്കാതെ ചിലപ്പോള്‍ ഓഹരി വിപണിയുടെ മൂര്‍ധന്യമായ അവസ്ഥയില്‍ ഇടപെട്ടാല്‍ പണി കിട്ടും പിന്നെ കാത്തു നില്‍ക്കണം
11. ഓഹരി വിപണി ഒരു സ്ഥിരം വരുമാനമാര്‍ഗമായി കൊണ്ട് നടക്കാന്‍ പാടില്ല എന്നുള്ള വിചാരം നമ്മുടെ ആളുകള്‍ക്കിടയിലുണ്ട് എന്നാല്‍ അത് തീര്‍ത്തും തെറ്റാണ് ഒരു മികച്ച വരുമാന മാര്‍ഗമായി ഇതിനെ നിങ്ങള്‍ക്ക് കൊണ്ട് നടക്കാം.
അഭിപ്രായങ്ങള്‍